ഫ്രാങ്ക് ലംപാർഡിന്റെ തന്ത്രങ്ങൾക്ക് മുൻപിൽ ജോസ് മൗറീനോ വീണ്ടും വീണു. ഇത്തവണ ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് ചെൽസി 2-1 ന് ജയിച്ചത്. ജയത്തോടെ നാലാം സ്ഥാനത്ത് ചെൽസിക്ക് നാല് പോയിന്റ് ലീഡായി. സ്പർസ് തന്നെയാണ് അഞ്ചാം സ്ഥാനത്ത്. ജിറൂദ്, മാർക്കോസ് ആലോൻസോ എന്നിവർ നേടിയ ഗോളുകളാണ് ചെൽസിക്ക് വിലപ്പെട്ട 3 പോയിന്റ് നൽകിയത്. നേരത്തെ സീസണിൽ ചെൽസിയോട് സ്പർസ് ഇതേ സ്കോറിന് തോറ്റിരുന്നു.
മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് തോൽവി വഴങ്ങിയ ടീമിൽ കാര്യമായ മാറ്റം വരുത്തിയാണ് ലംപാർഡ് ഇന്ന് ചെൽസിയെ ഇറക്കിയത്. ആലോൻസോ, ജിറൂദ്, ബാർക്ലി എന്നിവർ ആദ്യ ഇലവനിൽ എത്തി. കെപ്പ ഇത്തവണയും പുറത്തായിരുന്നു. കളിയിൽ മികച്ച തുടക്കമാണ് ചെൽസി നേടിയത്. 15 ആം മിനുട്ടിൽ ജോർജിഞ്ഞോ നൽകിയ പാസ്സ് ജിറൂദ് ഷോട്ടിലേക്ക് തൊടുത്തെങ്കിലും ലോറിസ് തട്ടി അകറ്റി. ബാർക്ലിയുടെ റീബൗണ്ട് പോസ്റ്റിൽ തട്ടി മടങ്ങി എങ്കിലും വീണ്ടും അവസരം ലഭിച്ച ജിറൂദ് ഇത്തവണ പിഴവ് ഇല്ലാതെ പന്ത് വലയിലാക്കി. സ്കോർ 1-0. ആദ്യ പകുതിക്ക് മുൻപേ സമനില കണ്ടെത്താനുള്ള സ്പർസിന്റെ ശ്രമങ്ങൾ പക്ഷെ ഫലം കണ്ടില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ മികച്ച മുന്നേറ്റത്തിന് ഒടുവിൽ ബാർക്ലിയുടെ പാസ് ഗോളാക്കി മാർക്കോസ് ആലോൻസോ ആണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതിന് പിന്നാലെ ലെ സെൽസോ ആസ്പിലിക്വെറ്റയെ ഫൗൾ ചെയ്‌തെങ്കിലും VAR ഇത്തവണയും ചെൽസിക്ക് അനുകൂലമായി തീരുമാനം എടുത്തില്ല. പിന്നീടും ചെൽസി പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ സ്പർസിനായില്ല. ചെൽസിയാവട്ടെ ആലോൻസോ, അബ്രഹാം എന്നിവരിലൂടെ ലീഡ് മൂന്നാകുന്നതിന് തൊട്ടരികെ എത്തുകയും ചെയ്തു. 90 ആം മിനുട്ടിൽ റൂഡിഗറിന്റെ സെൽഫ് ഗോൾ അവസാന മിനുട്ടുകളിൽ ചെൽസിക്ക് ആശങ്ക സമ്മാനിച്ചെങ്കിലും കൂടുതൽ പരിക്ക് ഏൽക്കാതെ കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയ ചെൽസി സ്പർസിന് എതിരെ ലീഡ് ഡബിൾ പൂർത്തിയാക്കി.