പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ തീർത്തും വോൾവ്സിൽ നിന്ന് അകന്നിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ബേർൺലിക്ക് എതിരെ വിജയം ഉറപ്പിച്ച അവസ്ഥയിൽ നിന്നാണ് വോൾവ്സ് സമനിലയിലേക്ക് എത്തിയത്. ഒരു 95ആം മിനുട്ടിലെ പെനാൾട്ടി ആണ് ബേർൺലിക്ക് 1-1 സമനില നൽകിയത്. മത്സരത്തിൽ മുഴുവൻ ആധിപത്യം പുലർത്തിയിരുന്ന വോൾവ്സ് രണ്ടാം പകുതിയിൽ ജിമിനസിലൂടെ ആണ് ലീഡ് എടുത്തത്.
76ആം മിനുട്ടിൽ ഒരു ഗംഭീര വോളിയുലൂടെ ആയിരുന്നു ജിമിനസിന്റെ ഗോൾ. താരത്തിന്റെ ലീഗിലെ 17ആം ഗോളായിരുന്നു ഇത്. എന്നാൽ ആ മനോഹര ഗോളിനും വോൾഗ്സിന് വിജയം നൽകാനായില്ല. ഇഞ്ച്വറി ടൈമിൽ ഒരു ഹാൻഡ് ബാൾ ആണ് പെനാൾട്ടിയിൽ കലാശിച്ചത്. പെനാൾട്ടി എടുത്ത ക്രിസ് വൂഡിന് ഒട്ടും പിഴച്ചില്ല. ഈ സമനില വോൾവ്സിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തകർത്തു.
ഇപ്പോൾ ആറാമതുള്ള വോൾവ്സിന് 56 പോയന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ലെസ്റ്ററിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും 59 പോയന്റ് ഉണ്ട്. അവർ അടുത്ത മത്സരങ്ങൾ വിജയിച്ചാൽ വോൾവ്സിന് പിന്നെ അവസാന രണ്ട് മത്സരങ്ങൾ ജയിച്ചാലും അവരെ മറികടക്കാനാകില്ല. ഇനി യൂറോപ്പ് ലീഗ് ആകും നുനോയുടെ ടീമിന്റെ പ്രതീക്ഷ.