ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ സിറ്റിയുടെ കുതിപ്പും, ലിവർപൂളിന്റെ ചേസിങ്ങും, ചെൽസിയിലെ വിവാദങ്ങളും വെസ്റ്റ് ഹാമിന്റെ അട്ടിമറി ജയങ്ങളും വാർത്തയാകുമ്പോൾ ഫുട്‌ബോൾ കോളങ്ങളിൽ ഇടം കിട്ടാതെ പോയൊരു നിശബ്ദ വിപ്ലവം അരങ്ങേറുന്നുണ്ട്. വോൾവ്സിന്റെ ഈ സീസണിലെ പ്രകടനം ഏറെ വൈകിയാണ് ഫുട്‌ബോൾ പ്രേമികൾ ശ്രദ്ധിച്ചു തുടങ്ങുന്നത്.
കിതച്ചു തുടങ്ങി പതുക്കെ ശ്വാസം വീണ്ടെടുത്ത് കുതിക്കുന്ന ശൈലിയിലാണ് ഇത്തവണ അവർ. നുനോ എസ്പിരിറ്റോ സാന്റോ പടിയിറങ്ങുമ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് മറ്റൊരു പോർച്ചുഗീസുകാരനെ ഇംഗ്ലണ്ടിൽ വിമാനം ഇറാക്കിയാണ് ക്ലബ്ബ് മാനേജ്മെന്റ് ഉത്തരം നൽകിയത്. പോർച്ചുഗീസുകാരുടെ സ്വകാര്യ അഹങ്കാരവും ഫുട്‌ബോൾ പരിശീലനത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരാളുമായ സാക്ഷാൽ ജോസേ മൗറീഞ്ഞോയുടെ ജന്മ നഗരമായ സെടുബാളിൽ നിന്ന് തന്നെയാണ് ലാജെയുടെ വരവും. നുനോ പണിത ടീമിൽ മൃഗീയ ഭൂരിപക്ഷം കളിക്കാരും പോർച്ചുഗീസുകാർ ആണ് എന്നതും മാനേജ്‌മെന്റിനെ അത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും.
പ്രതിരോധത്തിൽ ഊന്നിയുള്ള ലാഗേയുടെ ശൈലി പക്ഷെ ആദ്യ ഘട്ടങ്ങളിൽ ഫലം കണ്ടില്ല. പക്ഷെ ടീമിൽ തന്റെ മുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് ഉയർത്തിയ പ്രതിരോധ കോട്ട തകർക്കാൻ പ്രീമിയർ ലീഗിലെ പലർക്കും സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതുവരെ കേവലം 16 ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്. മുൻപിൽ സാക്ഷാൽ പെപ് ഗാര്ഡിയോളയുടെ 150 മില്യൺ എങ്കിലും വിലയുള്ള പ്രതിരോധം മാത്രം. ആക്രമണത്തിൽ പക്ഷെ അവർ ഒട്ടും പിന്നിൽ അല്ല. അതിമനോഹര നീക്കങ്ങളും സിൽവർ ലൈൻ വേഗതയിലുള്ള പ്രത്യാക്രമണങ്ങളും നിറഞ്ഞ ശൈലിക്ക് മുൻപിൽ വീണവരിൽ യുണൈറ്റഡ് പരിശീലകൻ സാക്ഷാൽ റാൾഫ് രാഗ്നിക്കും പെടും. ടോപ്പ് 4 പോരാട്ടം കനക്കുമ്പോൾ വമ്പന്മാരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കാൻ ലാഗേയുടെ ടീം ഉണ്ടാകും എന്നത് ഉറപ്പാണ്.
മുൻനിര ടീമുകൾക്ക് എതിരെ ഈ സീസണിൽ കളിച്ച കളികളിലെ മോശം റെക്കോർഡ് സീസണിലെ രണ്ടാം പകുതിയിൽ അവർ തിരുത്തിയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത അവർക്ക് അപ്രാപ്യം ഒന്നുമല്ല. ഇത് തന്നെയാണ് ലാജെയുടെ ടീമിന്റെ ഊർജം. വരും ദിവസങ്ങളിൽ ആഴ്സണൽ, യുണൈറ്റഡ്, വെസ്റ്റ്ഹാം, ചെൽസി തുടങ്ങിയ ടീമുകളുടെ പരിശീലകരുടെ തലയിൽ ഒരു മിന്നലായി ബ്രൂണോ ലാഗേ കാണും എന്ന് ഉറപ്പാണ്.