പ്രീമിയർ ലീഗ് ബ്രൈറ്റണ് മറ്റൊരു വലിയ വിജയം. ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിട്ട ഗ്രഹാം പോട്ടറിന്റെ ടീം രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഇന്ന് ഒന്നാം മിനുട്ടിൽ തന്നെ പിറകിൽ പോയ ശേഷമാണ് ബ്രൈറ്റൺ ഈ പ്രകടനം നടത്തിയത്. ആദ്യ മിനുട്ടിൽ ഇഹെനാചോയുടെ ഒരു ഗോൾ ആയിരുന്നു ലെസ്റ്റർ സിറ്റിക്ക് ലീഡ് നൽകിയത്.
ഈ ഗോളിന് 10ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബ്രൈറ്റൺ മറുപടി പറഞ്ഞു. 15ആം മിനുട്ടിൽ മാഡിസൺ മൈതാന മധ്യത്ത് നഷ്ടപ്പെടുത്തിയ പന്തുമായി കുതിച്ച എംവേപു പെനാൾട്ടി ബോക്സിൽ വെച്ച് കൈസെദോയെ കണ്ടെത്തുകയും കൈസെദോ ബ്രൈറ്റൺ ലീഡ് നൽകുകയും ചെയ്തു. സ്കോർ 2-1.
33ആം മിനുട്ടിൽ ലോങ് ബോളിൽ നിന്ന് പാസ് സ്വീകരിച്ച ഡാക ലെസ്റ്ററിന് സമനില ഗോൾ നൽകി. ഇതോടെ ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ മകാലിസ്റ്ററിന്റെ ഒരു വണ്ടർ ഗോൾ പിറന്നു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. പിന്നീട് 64ആം മിനുട്ടിൽ ട്രൊസാഡിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. 71ആം മിനുട്ടിൽ മകാലിസ്റ്റർ ഒരു പെനാൾട്ടിയിലൂടെ താൻ അർഹിച്ച ഗോൾ നേടി. ഇഞ്ച്വറി ടൈമിൽ വിജയം ഉറപ്പിച്ച അഞ്ചാം ഗോളും നേടി.
13 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ബ്രൈറ്റൺ ഇപ്പോൾ ഉള്ളത്. ഒരു മത്സരം പോലും ജയിക്കാത്ത ലെസ്റ്റർ 1 പോയിന്റുമായി അവസാന സ്ഥാനത്താണ്.