ലെസ്റ്റർ സിറ്റിക്ക് തുടർച്ചയായി മൂന്നാം വിജയം. ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ആണ് ലെസ്റ്റർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിനെ ലെസ്റ്റർ മറികടന്നത്. മത്സരത്തിൽ ബ്രെന്റ്ഫോർഡ് മികച്ചു നിന്നു എങ്കിലും അവസരങ്ങൾ മുതലെടുക്കാൻ ആവാത്തത് അവർക്ക് പ്രശ്നമായി. തുടക്കത്തിൽ കളിയുടെ ഗതിക്ക് എതിരായി ഒരു യൂറി ടൈലമെൻസ് സ്ട്രൈക്ക് ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. ബോക്സിന് പുറത്ത് നിന്നൊരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു ടൈലമൻസിന്റെ ഗോൾ. താരം കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും ഗംഭീര ഗോൾ സ്കോർ ചെയ്തിരുന്നു.
രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ജൊർഗൻസനിലൂടെ ബ്രെന്റ്ഫോർഡ് ഒരു ഗോൾ മടക്കി ആരാധകർക്ക് സന്തോഷം നൽകി. എന്നാൽ അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. 73ആം മിനുട്ടിൽ മാഡിസൺ ലെസ്റ്ററിന്റെ വിജയ ഗോൾ നേടി. പാറ്റ്സൺ ഡാകയുടെ അസിസ്റ്റിൽ നിന്നായിരുന്നു ലെസ്റ്ററിന്റെ വിജയ ഗോൾ. ഈ ജയത്തോടെ ലെസ്റ്റർ 14 പോയിന്റുമായി 9ആം സ്ഥാനത്ത് എത്തി. ബ്രെന്റ്ഫോർഡ് 12ആം സ്ഥാനത്തേക്ക് താഴ്ന്നു.