ഉഗ്രൻ പോരാട്ടത്തിൽ രണ്ടു ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു ഫുൾഹാം, ബോർൺമൗത് ടീമുകൾ

Wasim Akram

20221015 214653

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പോരാട്ടത്തിൽ ഫുൾഹാം, ബോർൺമൗത് ടീമുകൾ 2-2 നു സമനിലയിൽ പിരിഞ്ഞു. പന്ത് കൈവശം വക്കുന്നതിൽ ഫുൾഹാമിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ 65 മത്തെ സെക്കന്റിൽ തന്നെ ബോർൺമൗത് മുന്നിലെത്തി. ഫിലിപ് ബില്ലിങിന്റെ പാസിൽ നിന്നു മികച്ച വോളിയിലൂടെ ഡൊമിനിക് സൊളാങ്കെ അവർക്ക് ആയി ഗോൾ നേടി.

ഫുൾഹാം

തുടർന്ന് ആന്ദ്രസ് പെരെയ്രയുടെ ക്രോസിൽ നിന്നു 22 മത്തെ മിനിറ്റിൽ ഇസാ ഡിയോപ് ഫുൾഹാമിനു സമനില സമ്മാനിച്ചു. 7 മിനിറ്റിനുള്ളിൽ സൊളാങ്കെയുടെ പാസിൽ നിന്നു ജെഫേഴ്സൻ ലെർമ ബോർൺമൗത്തിന് വീണ്ടും മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതിയിൽ ലെർമ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 52 മത്തെ മിനിറ്റിൽ ലക്ഷ്യത്തിൽ എത്തിച്ച അലക്സാണ്ടർ മിട്രോവിച് ഫുൾഹാമിനു സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. സീസണിൽ താരത്തിന്റെ ഏഴാം ഗോൾ ആണ് ഇത്. 6 മത്സരങ്ങളിൽ പരാജയം അറിയാത്ത ബോർൺമൗത് ലീഗിൽ ഒമ്പതാം സ്ഥാനത്തും ഫുൾഹാം പത്താം സ്ഥാനത്തും ആണ് നിലവിൽ.