ഇംഗ്ലീഷ് പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബൗണ്മതും സമനിലയിൽ പിരിഞ്ഞു. രണ്ടുതവണ പിറകിൽ പോയ മഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടുതവണയും തിരിച്ചുവന്ന് 2-2 എന്ന സമനിലയാണ് ഇന്ന് നേടിയത്. ബോൺമത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ഹോം ടീം തന്നെയായിരുന്നു. ആദ്യപകുതിയിൽ മാത്രം അവർ 15 ഓളം ഷോട്ടുകൾ മാഞ്ചസ്റ്റർ ഗോൾ വലക്കു നേരെ തൊടുത്തു.
ഇന്ന് ബൗണ്മതിന് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതും ഒപ്പം ഒനാനയുടെ മികച്ച ഫോമും മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിച്ചു എന്ന് പറയാം. മത്സരത്തിന്റെ 16ആം മിനിറ്റിൽ സോളാങ്കി ആണ് ബോൺമത്തിന് ലീഡ് നൽകിയത്. ഇതിനു 31ആം മിനുട്ടിൽ മാഞ്ചസ്റ്റർ ക്യാപ്റ്റൻ ബ്രൂണോ മറുപടി നൽകി. അതോടെ സ്കോർ 1-1 എന്നായി. എന്നാൽ അധികം സമയം സമനില നീണ്ടുനിന്നില്ല.
മിനിറ്റുകൾക്കും തന്നെ ബോൺമത്തിനായി ക്ലുയിവേർട്ട് ഗോൾ നേടി ലീഡ് തിരികെ നൽകി. മത്സരം രണ്ടാം പകുതിയിൽ 63 മിനിറ്റിൽ നിൽക്കെ യുണൈറ്റഡിന് ഒരു പെനാൽറ്റി ലഭിച്ചു.
ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ലക്ഷ്യത്തിലെത്തിച്ചു. കളി സമനിലയിലായി.
ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു. 95ആം മിനുട്ടിൽ റഫറി ബൗണ്മതിന് ആയി പെനാൾട്ടി വിധിച്ചു എങ്കിലും വാർ ആ ഫൗൾ പെനാൾട്ടി ബോക്സിന് പുറത്താണെന്ന് കണ്ടെത്തിയത് യുണൈറ്റഡിന് ആശ്വാസമായി.
ഈ സമനിലയോടെ 32 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. 42 പോയിന്റുമായി ബൗണ്മത് 12ആം സ്ഥാനത്താണ്.