ഞായറാഴ്ച നടക്കേണ്ട ലണ്ടൻ ഡാർബിക്ക് മുമ്പ് ആഴ്‌സണലിന് മുന്നറിയിപ്പ് നൽകി മുൻ ആഴ്‌സണൽ ക്യാപ്റ്റനും താരവുമായ പിയറെ എമറിക് ഒബമയാങ്. മത്സരത്തിന് മുമ്പുള്ള പ്രൊമോ വീഡിയോയിൽ ‘ഞാൻ തിരിച്ചെത്തിയിരിക്കുന്നു, ഒന്നും വ്യക്‌തിപരമല്ല, ഞാൻ ഇപ്പോൾ ചെൽസി(നീലയാണ്) താരമാണ്, ഞാൻ തയ്യാറാണ്.’ എന്നാണ് താരം പറയുന്നത്. നേരത്തെ ഡോർട്ട്മുണ്ടിൽ നിന്നു എത്തിയ ശേഷം ആഴ്‌സണലിന്റെ എഫ്.എ കപ്പ് നേട്ടങ്ങളിൽ എല്ലാം വലിയ പങ്ക് വഹിച്ച ഓബ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ കാരണം ആണ് ടീം വിട്ടത്.

അച്ചടക്കം ഇല്ലായ്മ ചൂണ്ടിക്കാട്ടി താരത്തെ ആർട്ടെറ്റ ആദ്യം ടീമിൽ നിന്നു പുറത്താക്കുകയും പിന്നീട് ബാഴ്‌സലോണക്ക് കൈമാറുകയും ആയിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ താരം ചെൽസിയിൽ എത്തുക ആയിരുന്നു. തന്റെ പ്രശ്നം ആർട്ടെറ്റയും ആയാണ് ആഴ്‌സണലും ആയല്ല എന്നു മുമ്പും വ്യക്തമാക്കിയ ഒബമയാങ് ആഴ്‌സണലിന് എതിരെ തിളങ്ങണം എന്ന വാശിയിൽ ആണ് കളിക്കാൻ ഇറങ്ങുക. നിലവിൽ ലീഗിൽ ആഴ്‌സണൽ 12 മത്സരങ്ങൾക്ക് ശേഷം 31 പോയിന്റുകൾ നേടി ഒന്നാമത് നിൽക്കുമ്പോൾ ഇത്രയും കളികളിൽ നിന്നു 21 പോയിന്റുകൾ നേടിയ ചെൽസി ആറാം സ്ഥാനത്ത് ആണ്. ഞായറാഴ്ച ഇന്ത്യൻ സമയം 5.30 നു ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആണ് മത്സരം നടക്കുക.














