‘ഒബമയാങിന്റെ അച്ചടക്കലംഘനം ആർട്ടെറ്റ നേരിട്ട രീതി ടീമിൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു’ – മുഹമ്മദ് എൽനെനി

ആഴ്‌സണൽ ക്യാപ്റ്റൻ ആയിരുന്ന ഒബമയാങിന്റെ അച്ചടക്കലംഘനം ആർട്ടെറ്റ നേരിട്ട രീതി ടീമിൽ എല്ലാവരെയും ഞെട്ടിച്ചിരുന്നു എന്നു വ്യക്തമാക്കി ആഴ്‌സണൽ താരം മുഹമ്മദ് എൽനെനി. അച്ചടക്കലംഘനം കാരണം ആദ്യം ടീം ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നു ഒഴിവാക്കപ്പെട്ട ഒബമയാങിനു പിന്നീട് ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു. അതിനു ശേഷം താരത്തെ ബാഴ്‌സലോണക്ക് നൽകി ആഴ്‌സണൽ ഒഴിവാക്കുകയും ചെയ്തിരുന്നു.

മുഹമ്മദ് എൽനെനി
Credit: Twitter

അന്ന് ക്യാപ്റ്റനും ഏറ്റവും വലിയ സൂപ്പർ താരത്തിന് എതിരെ പോലും ആർട്ടെറ്റ എടുത്ത ധീരമായ നടപടി മറ്റ് താരങ്ങളിൽ ഭയം ഉണ്ടാക്കിയത് ആയി പറഞ്ഞ എൽനെനി അത് ശക്തമായ സന്ദേശം ആണ് ടീമിൽ നൽകിയത് എന്നും കൂട്ടിച്ചേർത്തു. ഒബമയാങിന് അങ്ങനെ സംഭവിക്കാം എങ്കിൽ ആർക്കും അത്തരം ശിക്ഷ ലഭിക്കാം എന്നു തങ്ങൾ അന്ന് തിരിച്ചറിഞ്ഞത് ആയും താരം കൂട്ടിച്ചേർത്തു. നിലവിൽ ടീമിൽ വലിയ ഈഗോകൾക്ക് സ്ഥാനം ഇല്ലെന്നു പറഞ്ഞ ഈജിപ്ത് താരം ടീമിൽ എല്ലാവരും ഒരുപോലെ ആണെന്നും എല്ലാവരും പരസ്പരം ഒരുമിച്ച് നിന്നാണ് മുന്നോട്ട് പോകുന്നത് എന്നും കൂട്ടിച്ചേർത്തു.