പ്രിമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി ആസ്റ്റൻവില്ല. ഇന്ന് ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വില്ല ജയിച്ചത്. മാറ്റി കാഷ് ഇരട്ട ഗോളുകൾ നേടിയപ്പോൾ മൂസാ ദിയാബിയാണ് ജേതാക്കളുടെ മറ്റൊരു ഗോൾ കണ്ടെത്തിയത്. ഫോസ്റ്റർ ബേൺലിക്ക് വേണ്ടിയും വല കുലുക്കി. അതേ സമയം തോൽവിയോടെ സീസൺ ആരംഭിച്ച കോംമ്പാനിക്കും സംഘത്തിനും ഇന്നും കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.
ലീഗിലെ ആദ്യ മത്സരത്തിൽ സിറ്റിയിൽ നിന്നും തോൽവി നേരിട്ട ബേൺലിക്ക് ഇന്നും സ്വന്തം കാണികളുടെ മുന്നിൽ വിജയം നേടാനായില്ല. എട്ടാം മിനിറ്റിൽ തന്നെ മികച്ചൊരു നീക്കത്തിൽ മക്ഗിൻ നൽകിയ പന്തുമായി കുതിച്ച വാറ്റ്കിൻസിനെ തടയാൻ കീപ്പർ മുന്നോട്ടാഞ്ഞെങ്കിലും താരം പൊസിറ്റിന് മുന്നിലേക്ക് ഉയർത്തി നൽകിയ പന്ത് മാറ്റി കാഷ് വലയിൽ എത്തിച്ചു. ഇരുപതാം മിനിറ്റിൽ ആസ്റ്റൻ വില്ല ലീഡ് ഇരട്ടിയാക്കി. ദിയാബിക്ക് പന്ത് നൽകി ബോക്സിലേക്ക് ഓടിക്കയറിയ കാഷ്, പാസ് തിരിച്ചു സ്വീകരിച്ച് മികച്ച ഫിനിഷിങിലൂടെ വീണ്ടും വല കുലുക്കി. പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും വാറ്റ്കിൻസിന് ലഭിച്ച അവസരം ബേൺലി കീപ്പർ ട്രാഫോർഡ് തടുത്തു. ഇടവേളക്ക് തൊട്ടു മുൻപ് ആംദോനിയുടെ ശ്രമം വില്ല പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ ഒരു ഗോൾ മടക്കി കൊണ്ട് ബേൺലി മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള നീക്കം ആരംഭിച്ചു. 47ആം മിനിറ്റിൽ ഫോസ്റ്ററാണ് വല കുലുക്കിയത്. ബോക്സിൽ ഗുഡ്മുന്റ്സൺ ഹെഡറിലൂടെ മറിച്ചു നൽകിയ ബോൾ എതിർ പ്രതിരോധത്തെ മറികടന്ന് താരം വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ 61ആം മിനിറ്റിൽ ദിയാബിയിലൂടെ തിരിച്ചടിച്ച ആസ്റ്റൻവില്ല മത്സരം വീണ്ടും വറുതിയിലാക്കി. ഇടത് വിങ്ങിലൂടെ കുതിച്ചെത്തിയ ഡിഗ്നെ ബോസ്‌കിന് തൊട്ടു പുറത്തു നിന്ന ദിയാബിക്ക് പന്ത് നൽകിയപ്പോൾ താരം ഉടൻ തന്നെ ഷോട്ട് ഉതിർത്ത് ലക്ഷ്യം കണ്ടു. പകരക്കാരനായി കളത്തിൽ എത്തിയ സാനിയോളോ ഗോളിന് അടുത്തെതിയെങ്കിലും ആദ്യ മത്സരത്തിൽ തന്നെ വല കുലുക്കാനുള്ള അവസരം താരം നഷ്ടപ്പെടുത്തി. പിന്നീട് മുഴുവൻ സമയത്തും ഇഞ്ചുറി ടൈമിലും അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും സ്‌കോർ ചെയ്യാൻ ആയില്ല.