സിറ്റിയെ വീഴ്ത്തി ആസ്റ്റൻ വില്ല; പെപ്പിന് വിജയ വഴി ഇനിയും അകലെ

Nihal Basheer

Screenshot 20231207 060637 X
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഫോം തുടരുന്ന ആസ്റ്റൻ വില്ലക്ക് മുന്നിൽ തോൽവി പിണഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സിറ്റക്കെതിരെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഏക ഗോളിന്റെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് ആസ്റ്റൻ വില്ല. ബെയ്ലി ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. ഇതോടെ സിറ്റി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വീണപ്പോൾ വില്ല മൂന്നാം സ്ഥാനത്തേക്ക് കയറി.
20231207 060708
കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം തുടർന്നാൽ കിരീട പോരാട്ടത്തിൽ തങ്ങൾ ഉണ്ടാവുമെന്ന് മത്സരത്തിന് മുന്നോടിയായി പറഞ്ഞിരുന്ന പെപ്പിന് പക്ഷെ ഇന്ന് തോൽവി ആയിരുന്നു നേരിടേണ്ടി വന്നത്. ചെൽസി, ലിവർപൂൾ, ടോട്ടനം എന്നിവർക്കെതിരായ സമനിലക്ക് ശേഷം എത്തിയ ലീഗ് ചാംപ്യന്മാർക്ക് ഇതോടെ തുടർച്ചയായ നാലാം മത്സരമാണ് ജയമില്ലാതെ കടന്ന് പോകുന്നത്. ഒന്നാം സ്ഥാനക്കാരുമായി ആറു പോയിന്റ് വ്യത്യാസത്തിൽ ആണ് സിറ്റി ഇപ്പോൾ.

ആറാം മിനിൽ തന്നെ വലത് വിങ്ങിലൂടെ മുന്നേറി ബെയിലി തൊടുത്ത ഷോട്ട് എഡെഴ്സൻ തടഞ്ഞിട്ടു. പിറകെ പാവു ടോറസിന്റെ ശ്രമവും തടഞ്ഞു കീപ്പർ സിറ്റിയെ രക്ഷിച്ചു. ഹാലണ്ടിന്റെ ഷോട്ട് തടഞ്ഞു മാർട്ടിനസ് മറു വശത്തും മികച്ച പ്രകടനം നടത്തി. ബോക്സിന് പുറത്തു നിന്നും ബെയ്ലിയുടെ ലോങ് റേഞ്ചറും കീപ്പർ തട്ടിയകറ്റി. രണ്ടാം പകുതിയിൽ മക്ഗിന്നിന്റെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. ഒടുവിൽ 74ആം മിനിറ്റിൽ ബെയ്ലി വില്ലയെ മുന്നിൽ എത്തിച്ചു. വലത് വിങ്ങിൽ മൈതാന മധ്യത്തിന് അടുത്തു നിന്നായി പന്തുമായി കുതിച്ച താരം ബോക്സിന് തൊട്ടു പുറത്തു വെച്ചു തൊടുത്ത ഷോട്ട് റൂബൻ ഡിയാസിന്റെ കാലുകളിൽ തട്ടി വലിയൊരു ഡിഫ്‌ലക്ഷനോടെ പോസ്റ്റിലേക്ക് പതിച്ചപ്പോൾ എഡെഴ്സനും നിസ്സഹായനായി. പിന്നീടും വില്ലക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ കഴിഞ്ഞില്ല. മറു വശത്ത് സിറ്റി മുന്നേറ്റങ്ങക്ക് വില്ല പ്രതിരോധം ഫലപ്രദമായി തടയിട്ടപ്പോൾ ഉനയ് ഉമരിയും സംഘവും ആർഹിച്ച വിജയം കരസ്ഥമാക്കി. വെറും രണ്ടു ഷോട്ടുകൾ മാത്രമാണ് സിറ്റിയിൽ നിന്നും ലക്ഷ്യത്തിന് വേറെ വന്നത് എന്നത് തന്നെ വില്ലയുടെ മികച്ച പ്രകടനത്തിന് അടിവരയിടുന്നു.