എഡിയുടെ ബൂട്ടിൽ വിശ്വസിക്കാൻ ആഴ്‌സണൽ
ലോകകപ്പിന് ഇടയിൽ പരിക്കേറ്റ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിന് പകരം പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കില്ല എന്ന സൂചന നൽകി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് ജീസുസിന്റെ അഭാവം വലിയ തിരിച്ചടിയാണ്. എന്നാൽ തനിക്ക് ഇംഗ്ലീഷ് താരം എഡി എങ്കിതിയയിൽ പൂർണ വിശ്വാസം ആണെന്നു വ്യക്തമാക്കിയ ആർട്ടെറ്റ തന്റെ നിലപാട് വ്യക്തമാക്കി.
ഓരോ ദിവസവും എഡിയിൽ തനിക്കുള്ള വിശ്വാസം കൂടുന്നത് ആയി പറഞ്ഞ ആർട്ടെറ്റ ഓരോ ദിവസം കഴിയുന്ന സമയത്തും ടീമിലേക്ക് കൂടുതൽ സംഭാവനകൾ ആണ് എഡി നൽകുന്നത് എന്നും കൂട്ടിച്ചേർത്തു. ഒരു വ്യക്തി എന്ന നിലയിൽ എഡി മികച്ചു നിൽക്കുന്നത് പോലെ ഓരോ ദിവസം കഴിയുന്ന സമയത്തും എഡി താരം എന്ന നിലയിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നത് ആയും ആർട്ടെറ്റ വ്യക്തമാക്കി. എഡി എല്ലാ നിലക്കും തയ്യാറാണ് എന്നു പറഞ്ഞ ആർട്ടെറ്റ ഇത്തരം അവസരങ്ങൾക്ക് വേണ്ടിയാണ് എഡി പുതിയ കരാറിൽ ഒപ്പിട്ടത് എന്നും വ്യക്തമാക്കി. ടീമിലെ പ്രധാനപ്പെട്ട താരമാണ് എഡി എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ അവസരം കിട്ടിയപ്പോൾ തന്റെ മികവ് കാണിച്ച എഡി ആ മികവ് ഈ സീസണിൽ ആവർത്തിക്കാൻ ആവും ശ്രമിക്കുക. ഗോൾ നേടുന്നത് കുറവായിരുന്നു എങ്കിലും എതിർ പ്രതിരോധത്തിൽ ജീസുസ് വരുത്തുന്ന വിള്ളലുകൾ ആയിരുന്നു ആഴ്‌സണലിന് ഗോളിനുള്ള വഴി തുറന്നത്. അതിനാൽ തന്നെ ജീസുസിന് പകരക്കാരനാവാൻ എഡിക്ക് ആവുമോ എന്നു കണ്ടറിയണം. അതേസമയം സാക, മാർട്ടിനെല്ലി, സ്മിത്-റോ എന്നീ യുവതാരങ്ങളുടെ മാതൃകയിൽ ആഴ്‌സണലിൽ തന്റെ മികവ് തെളിയിക്കാൻ ആവും എഡിയുടെ ശ്രമം. ലോകകപ്പ് ഇടവേള കഴിഞ്ഞു കളത്തിൽ ഇറങ്ങുന്ന ആഴ്‌സണലിന് ഇന്ന് ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് എതിരാളികൾ.