ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സണൽ ഇന്ന് സൗത്താപ്റ്റണിനെ നേരിടും. ലീഗിൽ പതിനഞ്ചാം സ്ഥാനക്കാരായ സെയിന്റ്സിനെ അവരുടെ മൈതാനമായ സെന്റ് മേരീസിൽ ആണ് ആഴ്‌സണൽ നേരിടുക. കഴിഞ്ഞ സീസണിൽ ആഴ്‌സണലിനെ ഞെട്ടിച്ച അവർ അത് ആവർത്തിക്കാൻ ആവും ശ്രമിക്കുക. എന്നാൽ സീസണിൽ ഇത് വരെ കളിച്ച 14 മത്സരങ്ങളിൽ ഒന്നിൽ മാത്രം പരാജയം വഴങ്ങിയ ആഴ്‌സണൽ വലിയ ജയം ആവും ഇന്ന് ലക്ഷ്യമിടുക. മുന്നേറ്റത്തിൽ ബുകയോ സാകക്ക് വിശ്രമം നൽകേണ്ട കാര്യമില്ല എന്നു ആർട്ടെറ്റ വ്യക്തമാക്കിയതിനാൽ തന്നെ ഗബ്രിയേൽ ജീസുസ്, ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡഗാർഡ് എന്നിവർ എല്ലാം ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും.
മധ്യനിരയിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ കളം ഭരിക്കുമ്പോൾ പ്രതിരോധത്തിൽ സിഞ്ചെങ്കോ ഇന്നും കളിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ മുൻ മത്സരങ്ങൾ പോലെ ടോമിയാസു ലെഫ്റ്റ് ബാക്ക് ആയും ബെൻ വൈറ്റ് റൈറ്റ് ബാക്ക് ആയും ഇറങ്ങാൻ ആണ് സാധ്യത. റാംസ്ഡേലിന് മുന്നിൽ സലിബക്ക് ഒപ്പം പുതിയ ദീർഘകാല കരാറിൽ ഒപ്പ് വച്ച ഗബ്രിയേൽ ആഴ്‌സണൽ പ്രതിരോധം കാക്കും. എവേ മത്സരങ്ങളിൽ ഉഗ്രൻ ആയി ആഴ്‌സണൽ കളിക്കുമ്പോൾ സ്വന്തം മൈതാനത്ത് വളരെ മോശം പ്രകടനങ്ങൾ ആണ് സെയിന്റ്സിൽ നിന്നു ഉണ്ടാവുന്നത്. സലിസു അടക്കമുള്ളവർ നയിക്കുന്ന പ്രതിരോധം, വാർഡ് പ്രോസ്, അറിബോ എന്നിവർ അടങ്ങുന്ന മധ്യനിര, ചെ ആദംസ് നയിക്കുന്ന മുന്നേറ്റം ആഴ്‌സണലിനെ ഞെട്ടിക്കാനുള്ള മരുന്നു ഇപ്പോഴും സെയിന്റ്സിന്റെ കയ്യിലുണ്ട് എന്നതാണ് വാസ്തവം. എങ്കിലും മികച്ച പ്രകടനം നടത്തി ലീഗിലെ പത്താം ജയം കുറിക്കാൻ ആവും ആഴ്‌സണൽ ശ്രമം. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6.30 നു ആണ് ഈ മത്സരം നടക്കുക.