ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ജയം തേടി ആഴ്‌സണൽ ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ 5 മത്സരങ്ങളിൽ ജയിക്കാൻ ആയില്ലെങ്കിലും ലീഡ്സ് സ്വന്തം മൈതാനത്തിൽ അപകടകാരികൾ ആണ്. എന്നാൽ സമീപകാല റെക്കോർഡുകൾ ആഴ്‌സണലിന് അനുകൂലമാണ്. ഗബ്രിയേൽ ജീസുസ് ടീമിനൊപ്പം ഉള്ളത് ആഴ്‌സണലിന് ആശ്വാസ വാർത്തയാണ്, എങ്കിലും താരം ആദ്യ പതിനൊന്നിൽ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്.
മികവ് തുടരുന്ന ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർക്ക് മുന്നിൽ ജീസുസ് ഇല്ലെങ്കിൽ എഡി എങ്കിതിയ ആവും അങ്ങനെയെങ്കിൽ ഇറങ്ങുക. മധ്യനിരയിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക സഖ്യം ആഴ്‌സണലിന്റെ ജീവൻ ആണ്. അതേസമയം പ്രതിരോധത്തിൽ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ, സലിബ, വൈറ്റ് എന്നിവർ ആവും ഇറങ്ങുക. ലെഫ്റ്റ് ബാക്ക് ആയി സിഞ്ചെങ്കോക്ക് പകരം ടിയേർണിയെ കൊണ്ടു വരുമോ അതോ ലിവർപൂളിന് എതിരെ കളിപ്പിച്ച ടോമിയാസുവിനെ കൊണ്ടു വരുമോ എന്നു കണ്ടറിയാം.
സ്വന്തം മൈതാനത്ത് കളിച്ച നാലു കളികളിൽ ഇത് വരെ പരാജയം അറിഞ്ഞില്ല ലീഡ്സ് എങ്കിലും അവരുടെ ഫോം ഇപ്പോൾ അത്ര നന്നല്ല. നിലവിൽ 15 സ്ഥാനത്തുള്ള ലീഡ്സിന് റോഡ്രിഗോ, പരിക്ക് മാറി എത്തുന്ന ബാഫോർഡ് എന്നിവരെ ഉപയോഗിച്ച് ആഴ്‌സണലിനെ പരീക്ഷിക്കാൻ ആവും. എന്നാൽ അത്ര മികവ് കാട്ടാത്ത പ്രതിരോധവും പരിക്കുകളും അവർക്ക് വിനയാണ്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ആവും ആഴ്‌സണൽ ലക്ഷ്യം.