സെർജിയോ അഗ്യൂറോ ഫുട്‌ബോളിൽ നിന്നു വിരമിക്കുന്നു

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നിലവിൽ വിശ്രമത്തിൽ ആയ അർജന്റീന താരം സെർജിയോ അഗ്യൂറോ ഫുട്‌ബോളിൽ നിന്നു വിരമിക്കാൻ തീരുമാനിച്ചത് ആയി റിപ്പോർട്ടുകൾ. സ്പാനിഷ് കായിക റിപ്പോർട്ടർ ആയ ജെറാർഡ് റൊമേറോ ആണ് താരം വിരമിക്കാൻ തീരുമാനം എടുത്ത വാർത്ത പുറത്ത് വിട്ടത്. അടുത്ത ആഴ്ച പത്രസമ്മേളനത്തിൽ താരം ഈ വാർത്ത പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ഈ സീസണിൽ ബാഴ്‌സലോണയിൽ എത്തിയ അഗ്യൂറോ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഫുട്‌ബോളിൽ നിന്നു അവധി എടുക്കുക ആയിരുന്നു. തുടർന്ന് താൻ വിരമിക്കുക ആണെന്ന വാർത്തക്ക് ഇത് വരെ അത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു അഗ്യൂറോ തന്നെ രംഗത്ത് വന്നിരുന്നു. അർജന്റീനയുടെ പ്രമുഖ ഗോൾ വേട്ടക്കാരൻ ആയ അഗ്യൂറോ അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളിൽ തന്റെ മൂല്യം തെളിയിച്ച താരമാണ്. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒന്നായി കണക്ക് കൂട്ടുന്ന അഗ്യൂറോ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരിൽ ഒരാൾ കൂടിയാണ്. അഗ്യൂറോയുടെ വിരമിക്കൽ വാർത്ത ആരാധകരെ സങ്കടത്തിൽ ആഴ്ത്തിയിട്ടുണ്ട്.

Previous articleജ്യോക്കോവിച്ചിനെ വീഴ്ത്തി സാഷ എ.ടി.പി ഫൈനൽസ് ഫൈനലിൽ
Next articleഇന്ന് ജംഷദ്പൂർ ഈസ്റ്റ് ബംഗാൾ പോരാട്ടം