മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത സമനില, പ്രീമിയർ ലീഗ് കിരീട പോരാട്ടം ആവേശകരമാകുന്നു

ലിവർപൂളിന് ആശ്വാസമാകുന്ന ഫലമാണ് ഇന്നലെ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയത്. പാലസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോൾ രഹിത സമനില. ഇന്നലെ 75%ത്തോളം പൊസഷൻ ഉണ്ടായിരുന്നു എങ്കിലും അധികം അവസരം സൃഷ്ടിക്കാൻ പെപ്പിന്റെ ടീമിനായില്ല. ആകെ നാലു ഷോട്ടുകളെ ടാർഗറ്റിലേക്ക് എത്തിയുള്ളൂ. പെപ് ഇത് തുടർച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റൽ പാലസിന് മുന്നിൽ പതറുന്നത്. വിയേര പരിശീലകബായി എത്തിയ ശേഷം പാലസ് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റിട്ടില്ല.

ഈ സമനില കിരീട പോരാട്ടം മാറ്റിമറിക്കും. 29 മത്സരങ്ങളിൽ 70 പോയിന്റുമായി സിറ്റി ഒന്നാമത് നിൽക്കുകയാണ്. 28 മത്സരങ്ങളിൽ 66 പോയിന്റാണ് ലിവർപൂളിന് ഉള്ളത്. ലിവർപൂൾ അടുത്ത മത്സരം വിജയിച്ചാൽ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റായി കുറയും.