ബെൻസീമ തീയായ് തുടരുന്നു, റയൽ മാഡ്രിഡിന് മറ്റൊരു വൻ വിജയം കൂടെ

റയൽ മാഡ്രിഡ് ലാലിഗ കിരീട പോരാട്ടത്തിൽ ബഹുദൂരം മുന്നിലേക്ക് പോവുകയാണ്. അവർ ഇന്നലെ എവേ മത്സരത്തിൽ മയോർകയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ബെൻസീമയുടെ മികവ് തന്നെയാണ് ഒരിക്കൽ കൂടെ റയലിന്റെ കരുത്തായത്. ചാമ്പ്യൻസ് ലീഗികെ ഫോം ബെൻസീമ ലാലിഗയിലും തുടർന്നു. ബെൻസീമ ഇരട്ട ഗോളുകളും ഒപ്പം ഒരു അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.

രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ബെൻസീമയുടെ പാസിൽ നിന്ന് വിനീഷ്യസ് ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. ബെൻസീമയുടെ ലാലിഗ സീസണിലെ 11ആമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. പിന്നാലെ 77ആം മിനുട്ടിലും 82ആം മിനുട്ടിലുൻ ഗോളുകൾ നേടിക്കൊണ്ട് ബെൻസീമ റയൽ മാഡ്രിഡിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു.

ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റായി. രണ്ടാമതുള്ള സെവിയ്യയെക്കാൾ 10 പോയിന്റിന്റെ ലീഡ് റയലിന് ഉണ്ട്.