അമേരിക്കൻ ക്ലബായ ഇന്റർ മയാമി അവരുടെ മാനേജർ ഫിൽ നെവിലിനെ പുറത്താക്കി. ന്യൂയോർക്ക് റെഡ് ബുൾസിനോട് 1-0 ന് തോറ്റതിനു പിന്നാലെയാണ് 46-കാരനെ ഇന്റർ മയാമി പുറത്താക്കിയത്. 2021 ജനുവരിയിൽ ആയിരുന്നു ഫിൽ നെവിൽ അമേരിക്കയിലേക്ക് എത്തിയത്. ബെക്കാമിന്റെ ക്ലബിനെ നെവിൽ ഉയരങ്ങളിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നടന്നത് വിപരീതമായിരുന്നു. തുടർച്ചയായ നാല് തോൽവികളോടെ ഇപ്പോൾ ഈസ്റ്റേൺ കോൺഫറൻസിൽ ഏറ്റവും താഴെ ആണ് ഇന്റർ മയാമി നിൽക്കുന്നത്.
“ഇന്റർ മിയാമി CF ഉടമസ്ഥത ഗ്രൂപ്പിന്റെ വിശ്വാസത്തിനും എന്നെ ഈ പ്രോജക്റ്റിന്റെ ഭാഗമാക്കിയതിനും ഞാൻ നന്ദി പറയുന്നു; കളിക്കാരും സ്റ്റാഫും അവരുടെ ശ്രദ്ധേയമായ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും; ആദ്യ ദിനം മുതൽ ക്ലബ്ബിന് നൽകിയ അചഞ്ചലമായ പിന്തുണക്ക് ആരാധകരോടും നന്ദി പറയുന്നു.” ഫിൽ നെവിൽ ഈ തീരുമാനത്തിനു ശേഷം പറഞ്ഞു.
“ഈ ക്ലബ്ബിന്റെ വളർച്ചയിൽ ഒരു പങ്കുവഹിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്, ഭാവിയിൽ ഇന്റർ മിയാമി ക്ലബിന് എല്ലാ ആശംസകളും നേരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.