ഒളിംപ്യൻ റഹ്‌മാൻ ഓർമ്മ

midlaj

Download the Fanport app now!
Appstore Badge
Google Play Badge 1

“Rajasthan Club rebrought China Wall from Kerala”  എന്ന വാക്കുകൾ സ്റ്റേറ്റ്സ് മാൻ പത്രത്തിൽ തിളങ്ങി നിന്നു. ആ വാക്കുകൾ ടി അബ്ദുറഹ്മാൻ എന്ന നമ്മുടെ ഒളിമ്പ്യൻ റഹ്‌മാനെ കുറിച്ചായിരുന്നു. പ്രതാപത്തിലായിരുന്ന‌ മുഹമ്മദൻസിനെതിരെ രാജസ്ഥാൻ ക്ലബിനു വേണ്ടി അന്ന് ആ ഡിഫൻഡർ വൻമതിലായി തന്നെ മാറി.

കോഴിക്കോടിന്റെ‌ മൈതാനികളിലൂടെയാണ് ഒളിമ്പ്യൻ റഹ്‌മാൻ യാത്ര തുടങ്ങിയത്. ബ്രിട്ടീഷുകാർ കോഴിക്കോടിനു നൽകിയ മികച്ച സംഭാവന ഫുട്ബോൾ ആയിരുന്നു എന്ന് പറയാം. ഫുട്ബോൾ ഇന്ത്യയിൽ വളരാൻ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ തന്നെ കോഴിക്കോടിനും ഫുട്ബോൾ കമ്പം കയറി. റിക്ഷാക്കാരനായ‌ കുട്ടന് എന്തുകൊണ്ട് കോഴിക്കോടിന് സ്വന്തമായി ഒരു ഫുട്ബോൾ ക്ലബ് ആയിക്കൂടാ എന്ന ചിന്ത വന്നു. പന്തു കളിക്കുന്ന കുറച്ച് യുവാക്കളെ ചേർത്ത് അദ്ദേഹം ‘കുട്ടൻസ് ക്ലബ്’ ആരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ഫുട്ബോൾ ചരിത്രം ആരംഭിക്കുകയാണ്. കുട്ടൻസ് ക്ലബ് പിന്നീട് ‘ചാലഞ്ചേഴ്സ്’ ആയി. 1930കളുടെ അവസാനം മൈസൂരിൽ ചെന്ന് ദസ്റ കപ്പുമായി ആ  ടീം വന്നതാണ് കോഴിക്കോടിന്റെ ആദ്യത്തെ ഫുട്ബോൾ കപ്പ്. ചാലഞ്ചേഴ്സ്, യങ്ങ് ജംസ്, രാജാ ക്ലബ്, കാലിക്കറ്റ് മുസ്ലിംസ്, അക്ബർ ക്ലബ് , മലബാർ ഹണ്ടേർസ്, ബ്ലൂസ് തുടങ്ങി നിരവധി നിരവധി ക്ലബുകൾ… മുഹമ്മദ് അബ്ദുറഹ്മാൻ, നാഗ്ജി എന്നിങ്ങനെ അനവധി ടൂർണമെന്റുകൾ… കേശവൻ നായർ, ലേബേട്ടൻ, പ്രേംനാഥ് ഫിലിപ്പ് , നജീബ്, ജയറാം എന്നിങ്ങനെ മികച്ച താരങ്ങൾ. എങ്കിലും കോഴിക്കോടിന്റെ ഈ മികവിനൊക്കെ ഏറ്റവും മുകളിലായി ഒളിമ്പ്യൻ റഹ്‌മാൻ ഇരിക്കുന്നു.Olympian Rahman

1934 ജനുവരിയിലാണ് ഒളിമ്പ്യൻ റഹ്‌മാൻ ജനിക്കുന്നത്. ഫോർത്ത് ഗ്രേഡിൽ പഠനമവസാനിപ്പിച്ച് ഫുട്ബോൾ കളിയിലേക്കിറങ്ങി. ഇൻഡിപെൻഡൻസിനു വേണ്ടി കോഴിക്കോട് കോടതി മൈതാനിയിൽ പന്തുതട്ടി റഹ്മാൻ ആ വലിയ ഫുട്ബോൾ യാത്ര ആരംഭിച്ചു. യൂണിവേഴ്സലിന്റേയും യങ്ങ് ജംസിന്റേയും മലബാർ ഹണ്ടേർസിന്റേയും കുപ്പായമണിഞ്ഞ് മലബാർ ഫുട്ബോളിന്റെ കേന്ദ്രബിന്ദുവായി ആ ഡിഫൻഡർ തിളങ്ങി.

1954ൽ മലബാർ ഇലവനെ റോവേർസ് കപ്പിന്റെ സെമിവരെ റഹ്മാൻ എത്തിച്ചു. റോവേർസ് കപ്പിൽ മുംബൈയിൽ തിളങ്ങിയ കേരളാ ഇലവൻസിന്റെ ഒറ്റ കളിക്കാരനും കേരളത്തിലേക്ക് തിരിച്ചു വന്നില്ല. അബ്ദുറഹ്മാനെ കൊൽക്കത്തയിലെ രാജസ്ഥാൻ ക്ലബ് കൊണ്ടുപോയപ്പോൾ ബാക്കിയുള്ളവർ കാൾ ടെക്സ് ടീമിലും ടാറ്റാ ക്ലബിലും ചേർന്നു. രാജസ്ഥാൻ ക്ലബിലിരുന്ന് വമ്പന്മാരെ വിറപ്പിച്ച റഹ്മാനെ 59ൽ ബഗാൻ വാങ്ങി. അറുപതുകളിൽ ബഗാനെ റഹ്മാൻ നയിക്കുകയും ചെയ്തു.

1955ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യ റഷ്യാ മത്സരത്തിൽ റഹ്മാൻ ആദ്യമായി ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ‌ എക്കാലത്തേയും മികച്ച ടീമായ 1956ലെ മെൽബൺ ഒളിമ്പിക്സ്‌ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ. അബ്ദുറഹ്മാന്റെയും ഗോളടി യന്ത്രം നെവിൽ ഡിസൂസയുടെയും മികവിൽ ഇന്ത്യ  സെമിവരെ‌ കുതിച്ചു. ആതിഥേയരായ ആസ്ത്രേലിയയെ 4-2ന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. സെമിയിൽ യുഗോസ്ലാവിയയോട് പരാജയപ്പെട്ട് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തേയും ഏറ്റവും വലിയ‌നേട്ടമായി ആ നാലാം സ്ഥാനം തുടരുന്നു. റോമിലെ ഒളപിക്സിനും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിക്കു കാരണം പിൻവാങ്ങേണ്ടി വന്നു.

റഹ്മാൻ ഒമ്പതു തവണ ബംഗാളിനെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിൽ ഇറങ്ങി. നാലു തവണ കിരീടം സ്വന്തമാക്കി. 1962ൽ ബാംഗ്ലൂരിനെ നായകനായി നയിച്ചും അദ്ദേഹം സന്തോഷ് ട്രോഫിയിൽ ചുംബിച്ചു.

1967 നവംബറിൽ ഒളിമ്പ്യൻ റഹ്‌മാൻ ബൂട്ടഴിച്ചു. തിരിച്ച് കേരളത്തിലെത്തിയ അദ്ദേഹം പരിശീലകനാകാൻ തീരുമാനിച്ചു. കേരള ജൂനിയർ ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ അദ്ദേഹം ടൈറ്റാനിയം, കെഎസ്ഇബി, പ്രീമിയർ ടയേഴ്സ് , മുഹമ്മദൻസ് തുടങ്ങിയ വലിയ ടീമുകളുടെ പരിശീലകനായി.

അറുപത്തി ഒമ്പതാം വയസ്സിൽ മരണപ്പെടുമ്പോൾ കേരളാ ഫുട്ബോളിന്റെ കാരണവർ അദ്ദേഹത്തിന്റെ സ്വപ്നമായ യൂണിവേഴ്സൽ സോക്കർ സ്കൂൾ ഫുട്ബോളിനെ സ്നേഹിക്കുന്നവരെ ഏല്പിച്ചു. മലബാറിലെ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാനുള്ള ഒളിമ്പ്യൻ റഹ്മാന്റെ ശ്രമമായിരുന്നു യൂണിവേഴ്സൽ സോക്കർ സ്കൂൾ.

പി എ ബേക്കറിന്റെ ‘ചുവന്ന വിത്തുകൾ’ എന്ന സിനിമയിലെ നായകനായി റഹ്മാൻ മലയാള സിനിമയിലും കാലെടുത്തു വെച്ചിരുന്നു. മകൻ ഹാരിസ് റഹ്മാനും ഉപ്പയ്ക്കു പിറകെ ബൂട്ട് കെട്ടി. പതിനൊന്നു കൊല്ലം സതേൺ റെയിൽവേയുടെ വല ഹാരിസ് റഹ്മാൻ കാത്തു.

സുഹൃത്തായ പിപി മുഹമ്മദ്‌ കോയ പരപ്പിൽ ഒളിമ്പ്യൻ റഹ്മാന്റെ ജീവചരിത്രം മലയാളത്തിൽ രചിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഒരു ഫുട്ബോളറുടെ ആദ്യ‌ ജീവചരിത്രം അതായിരുന്നു.Olympian Rahman

2005ൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസ്സോസിയേഷൻ ടി എ റഹ്മാന്റെ ഓർമ്മയ്ക്കായി ORMA( Olympian Rahman Memmorial Academy) തുടങ്ങിയെങ്കിലും മലയാളികൾ അദ്ദേഹത്തെ മറന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. കോഴിക്കോട് EMS സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേരു നൽകാൻ വേണ്ടി ഫുട്ബോൾ പ്രേമികൾ ആവശ്യമുന്നയിച്ചപ്പോൾ ഉണ്ടായ എതിർപ്പുകൾ ആ താരത്തിന്റെ ഓർമ്മകൾക്ക് മങ്ങലേറ്റു എന്ന സത്യം ഫുട്ബോൾ സ്നേഹികളെ ഓർമ്മിപ്പിച്ചു. 2016 കേരളാ ബജറ്റിൽ കോഴിക്കോട്‌ നിർമ്മിക്കാൻ തീരുമാനിച്ച ഇൻഡോർ സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേരിടാൻ തീരുമാനിച്ചത് അതിനുള്ള പ്രായശ്ചിത്തമാകാം.

എന്തായാലും ഇന്ത്യ‌ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനായി താഴത്തേരി അബ്ദുറഹ്മാൻ എന്ന ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ചരിത്രത്തിൽ വൻമതിൽ പോലെ നെഞ്ചും വിരിച്ചു തന്നെ നിൽക്കും.