നിലമ്പൂരില്‍ കനത്ത പോരാട്ടം, സി ആര്‍ പി എഫിന് ജയം

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളില്‍ ഇന്നലെ രാവിലെ നിലമ്പൂര്‍ എംഎസ്പി ഗ്രൗണ്ടില്‍ കരുത്തരായ ബംഗാളിനെ സിആര്‍പിഎഫ് ഒരു ഗോളിന് മുട്ടുകുത്തിച്ചു. 63-ാംമിനിറ്റില്‍ പത്താം നമ്പര്‍ താരം ആര്‍ ദുലേ ആണ് വിജയഗോള്‍ നേടിയത്. രാജ്യാന്തര നിലവാരം പുലര്‍ത്തിയ മത്സരത്തിന് പക്ഷേ ആവേശം പകരാന്‍ കാഴ്ചക്കാരുണ്ടായിരുന്നില്ല.

തിരുവനന്തപുരം സ്വദേശിയും സിആര്‍പിഎഫ് ഗോള്‍കീപ്പറുമായ മോസസ് ആന്റണിയുടെ എണ്ണം പറഞ്ഞ രക്ഷപ്പെടുത്തലുകള്‍ ടീമിന് തുണയായി. ബംഗാള്‍ താരത്തിന്റെ ലോങ് റേഞ്ച് ഷോട്ട് ആന്റണി വളരെ പണിപ്പെട്ട് തടഞ്ഞത് മികച്ച നിലവാരം പുലര്‍ത്തിയെന്ന് ചാംപ്യന്‍ഷിപ്പിന്റെ വെന്യൂ മാനേജറും മുന്‍ കേരള പോലീസ് താരവുമായ കെ സുല്‍ഫീക്കര്‍ പറഞ്ഞു. സമനില ലഭിച്ചാല്‍ ബംഗാളിന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ടായിരുന്നു.

ബംഗാള്‍ ഗോള്‍ കീപ്പര്‍ പന്ത് വെച്ച് താമസിപ്പിച്ചതിന് റഫറി എം ഖമറുസ്സമാന്റെ മുന്നറിയിപ്പ് ലഭിച്ചു. വിരസമായ മറ്റൊരു മത്സരത്തില്‍ തെലങ്കാനയും ആന്ധ്രപ്രദേശും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു.

Previous articleബയേണിന്റെ ജർമ്മൻ താരം ഇനി ചൈനീസ് സൂപ്പർ ലീഗിൽ
Next articleജോ ഡെന്‍ലി ആന്റിഗ്വയില്‍ അരങ്ങേറ്റം കുറിയ്ക്കും