മെംഫിസ് ഡീപെയ്ക്ക് പരിക്ക്

Nihal Basheer

20220923 104908

പോളണ്ടിനെതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും നേതാർലാൻഡ്സിന് ആശങ്കയായി മുന്നേറ്റ താരം മെംഫിസ് ഡീപെയുടെ പരിക്ക്. രണ്ടാം പകുതിയിലാണ് താരത്തിന് കളം വിടേണ്ടി വന്നത്. ഇടത് കാലിൽ ഹാംസ്ട്രിങിന് അസ്വസ്ഥത്യം അനുഭവപ്പെട്ടതിനാൽ താരം മത്സരം നിർത്തി. കോച്ച് ലൂയിസ് വാൻ ഹാൽ ഉടനെ ഡീപെയെ പിൻവലിച്ചു.

52ആം മിനിറ്റിലാണ് ഡീപെയ് കളം വിട്ടത്. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അടുത്ത മത്സരം കരുത്തരായ ബെൽജിയത്തിനെതിരെ ആണെന്നതിനാൽ ഡീപെയ്ക്ക് പുറത്തിരിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഓറഞ്ച് പടക്ക് അത് വൻ തിരിച്ചടി ആവും. ഡിയോങ്ങിന് രണ്ടാം പകുതിയിൽ വിശ്രമം അനുവദിക്കാനും വാൻ ഹാൽ ശ്രദ്ധിച്ചിരുന്നു. മത്സര ശേഷം സംസാരിച്ച കോച്ച് ഡീപെയ് അടുത്ത മത്സരത്തിന് ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും, ഡിയോങ്ങിനെ മുൻകരുതലെന്ന രീതിയിൽ മാത്രമാണ് രണ്ടാം പകുതിയിൽ ഇറക്കാതെ ഇരുന്നതെന്നും പറഞ്ഞു.