നെയ്മറിന്റെ പത്താം ഗോൾ, മെസ്സിയുടെ ഏഴാം അസിസ്റ്റ്, എങ്കിലും ജയിക്കാൻ പി എസ് ജിക്ക് ഡൊണ്ണരുമ്മയുടെ പെനാൾട്ടി സേവ് വേണ്ടി വന്നു

പി എസ് ജിക്ക് തുടർച്ചയായ നാലാം വിജയം. ഇന്ന് ലീഗ് വണിൽ സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് ബ്രെസ്റ്റെനെ നേരിട്ട പി എസ് ജി മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കില്ലും ഒരു ഗോൾ മാത്രമെ നേടിയുള്ളൂ എന്നത് പി എസ് ജിക്ക് വിജയത്തിലും നിരാശ നൽകും. നെയ്മറാണ് പി എസ് ജിയുടെ ഏക ഗോൾ നേടിയത്.

മത്സരത്തിന്റെ 30ആം മിനുട്ടിൽ ആയിരുന്നു ഗോൾ. പെനാൾട്ടി ബോക്സിൽ ഉണ്ടായിരുന്ന നെയ്മറിന് മെസ്സി നൽകിയ ഏരിയൽ ബോൾ സ്വീകരിച്ച് ഗംഭീര ഫിനിഷിലൂടെ നെയ്മർ ലീഡ് എടുക്കുക ആയിരുന്നു. നെയ്മറിന് 9 മത്സരങ്ങൾക്ക് ഇടയിൽ പത്താം ഗോളാണിത്. ഇത് കൂടാതെ ഏഴ് അസിസ്റ്റും നെയ്മറിന് ഈ സീസണിൽ സ്വന്തം പേരിൽ ഉണ്ട്. ഈ ഗോൾ ഒരുക്കിയ മെസ്സിക്ക് ഇത് സീസണിലെ ഏഴാം അസിസ്റ്റ് ആണ്.

പി എസ് ജി

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഗോൾ മടക്കാൻ ബ്രെസ്റ്റിന് അവസരം വന്നു. എന്നാൽ പെനാൾട്ടി കിക്ക് എടുത്ത് സ്ലിമാനിക്ക് പിഴച്ചു. ഡൊണ്ണരുമ്മ മികച്ച സേവിലൂടെ പി എസ് ജിയുടെ ലീഡ് നിലനിർത്തി. ഇതിനു ശേഷവും ഡൊണ്ണരുമ്മയുടെ നല്ല സേവ് കാണാൻ ആയി. അതുകൊണ്ട് തന്നെ മൂന്ന് പോയിന്റും ഉറപ്പായി.

ഈ വിജയത്തോടെ പി എസ് ജിക്ക് ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റായി. അവർ തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്.