ഹെൻറിയുടെ മൊണാക്കോ വീണ്ടും തോറ്റു

തിയറി ഹെൻറിയുടെ കഷ്ട്ടകാലം തീരുന്നില്ല. ഫ്രഞ്ച് ലീഗിൽ ഏറെ നേരം മുന്നിട്ട് നിന്ന മത്സരത്തിൽ പക്ഷെ മൊണാക്കോ തോൽവി വഴങ്ങി. മൊണ്ട്പില്ലിയറാണ് മൊണാക്കോയെ 1-2 ന് മറികടന്നത്. ഫ്രഞ്ച് ലീഗിൽ വെറും 10 പോയിന്റുമായി 19 ആം സ്ഥാനത്താണ് മൊണാക്കോ. മത്സര ശേഷം താരങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പരിശീലകൻ ഹെൻറി നടത്തിയത്.

ആദ്യ പകുതിയിൽ ടീലമാൻസിന്റെ ഗോളിൽ മുന്നിട്ട് നിന്ന മൊണാക്കോ 80 മിനുട്ട് വരെ അതേ ലീഡ് നിലനിർത്തി. പക്ഷെ 81 ആം മിനുട്ടിൽ ലബോർഡയുടെ ഗോളിൽ സമനില നേടിയ മൊണ്ട്പില്ലിയർ 5 മിനിട്ടുകൾക്ക് ശേഷം പീറ്റർ സ്കുലറ്റിക് നേടിയ ഗോളിൽ ജയം ഉറപ്പാക്കി. ഓഗസ്റ്റിന് ശേഷം ആകെ ഒരു മത്സരം മാത്രമാണ് മൊണാക്കോ ജയിച്ചിട്ടുള്ളത്. അടുത്ത ഏതാനും മത്സരങ്ങളിൽ ജയിക്കാനായില്ലെങ്കിൽ ഹെൻറിയുടെ പരിശീലക സ്ഥാനം തെറിച്ചേക്കും.