13 മിനുട്ടിൽ നാലു ഗോളുമായി എമ്പപ്പെ അത്ഭുതം

- Advertisement -

എമ്പപ്പെ എന്ന കൗമാരക്കാരൻ ഫുട്ബോൾ ലോകത്തെ പുതിയ അത്ഭുതമായി തന്നെ തുടരുകയാണ്‌. ഇന്ന് പി എസ് ജിക്കായി എമ്പപ്പെ നേടിയത് നാലു ഗോളുകളാണ്. അതും വെറും 13 മിനുട്ടുകൾക്കിടെ. ശക്തരായ ലിയോണിന് എതിരെ ആയിരുന്നു എമ്പപ്പെയുടെ ഈ തകർപ്പൻ പ്രകടനം. മത്സരം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പി എസ് ജി വിജയിക്കുകയും ചെയ്തു.

കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ നെയ്മറിന്റെ പെനാൾട്ടിയിലൂടെ പി എസ് ജി മുന്നിൽ എത്തിയിരുന്നു. എന്നാൽ കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ട് ചുവപ്പ് കാർഡുകൾ പിറന്നത് കളി പ്രവചനാതീതമാക്കി. 32ആം മിനുട്ടിൽ പി എസ് ജിയുടെ കിമ്പെമ്പെയും 45ആം മിനുട്ടിൽ ലിയോണിന്റെ ടൗസാർടും ചുവപ്പ് കണ്ടു.

രണ്ടാം പകുതിയിൽ ആയിരുന്നു എമ്പപ്പെയുടെ താണ്ഡവം. 61ആം മിനുട്ടിൽ ഗോൾ നേടാൻ തുടങ്ങിയ എമ്പപ്പെ 74 മിനുട്ട് ആകുന്നതിനിടെ നാലു തവണ ലിയോൺ വല കുലുക്കി കഴിഞ്ഞിരുന്നു. എമ്പപ്പെ കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ നാലു ഗോൾ നേടുന്നത്.

ഇന്നത്തെ ജയത്തോടെ ഒമ്പതിൽ ഒമ്പത് വിജയനായി പി എസ് ജിക്ക്.

Advertisement