തനിക്ക് ക്യാൻസർ ആണ് എന്ന വിവരം പുറത്ത് വിട്ട് ഇതിഹാസ പരിശീലകൻ ലൂയി വാൻ ഹാൽ

ഇതിഹാസ ഡച്ച് പരിശീലകൻ ലൂയി വാൻ ഹാലിന് ക്യാൻസർ. നിലവിൽ ഹോളണ്ട് ദേശീയ ടീം പരിശീലകൻ ആയി വാൻ ഹാൽ ചരിത്രത്തിലെ ഏറ്റവും മഹാനായ പരിശീലകരിൽ ഒരാൾ ആയാണ് അറിയപ്പെടുന്നത്. അയാക്‌സ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ലോകത്തിലെ വലിയ ക്ലബുകളെ പരിശീലിപ്പിച്ച ഡച്ച് പരിശീലകൻ അവർക്ക് ഒപ്പം വലിയ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഒരു ഡച്ച് ചാനലിൽ ആണ് തനിക്ക് ക്യാൻസർ ആണ് എന്ന വിവരം അദ്ദേഹം പരസ്യമാക്കിയത്.

തന്റെ താരങ്ങളുടെ പ്രകടനത്തെ ബാധിക്കും എന്നതിനാൽ ഈ വിവരം ഡച്ച് താരങ്ങളിൽ നിന്നു മറച്ചു വച്ചിരുന്നു എന്നു പറഞ്ഞ അദ്ദേഹം രാത്രി രഹസ്യമായി ആയിരുന്നു താൻ ചികത്സ തേടിയത് എന്നും വ്യക്തമാക്കി. ക്യാൻസർ ആയിരുന്നു എങ്കിലും താൻ ആരോഗ്യവാൻ ആണ് എന്നാണ് കരുതിയത് എങ്കിലും നിലവിൽ അങ്ങനെയല്ല സ്ഥിതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 25 തവണ ക്യാൻസറിന് ആയി ചികത്സ തേടിയത് ആയി പറഞ്ഞ അദ്ദേഹം തന്റെ പ്രോസ്റ്റേറ്റ് ക്യാൻസർ നിലവിൽ ഗുരുതരമാണ് എന്നും വിശദീകരിച്ചു. 1995 ൽ അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് കിരീടം അണിയിച്ച വാൻ ഹാലിനു അതിനു മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയെ ക്യാൻസർ കാരണം നഷ്ടമായിരുന്നു. അസുഖം ജീവിതത്തിന്റെ ഭാഗം ആണ് എന്ന് പറഞ്ഞ അദ്ദേഹം താൻ പോരാട്ടം തുടരും എന്നും വ്യക്തമാക്കി.