വലൻസിയക്ക് എതിരായ മത്സരത്തിൽ വംശീയാധിക്ഷേപങ്ങൾ നേരിട്ട വിനീഷ്യസ് ജൂനിയർ ലാലിഗയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ലാ ലിഗ “വംശീയവാദികളുടേതാണ്” എന്ന് വിനീഷ്യസ് ജൂനിയർ പറഞ്ഞു. 22കാരനായ ബ്രസീലിയൻ വിംഗർ പല ഘട്ടത്തിലും ലാലിഗയിൽ റേസിസ്റ്റുകളുടെ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും തടയാൻ യാതൊന്നും ചെയ്യാൻ ലാലിഗയ്ക്ക് ആയില്ല.
“ഇത് ആദ്യമായല്ല, രണ്ടാമത്തേതും മൂന്നാമത്തേതുമല്ല. ലാ ലിഗയിൽ വംശീയത സാധാരണമാണ്. സ്പാനിഷ് ഫെഡറേഷനും ഇത് സാധാരണമാണെന്ന് കരുതുന്നു, എതിരാളികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു,” വിനീഷ്യസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവരുടേതായിരുന്ന ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണ്. വിനീഷ്യസ് പറഞ്ഞു.
എന്നെ സ്വാഗതം ചെയ്തതും ഞാൻ ഇഷ്ടപ്പെടുന്നതുമായ ഒരു മനോഹരമായ രാഷ്ട്രമാണ് സ്പെയിൻ, എന്നാൽ വംശീയ രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിനു മുന്നിൽ മാറ്റുകയാണ്. സ്പെയിൻകാരോട് ക്ഷമിക്കണം, പക്ഷേ ഇന്ന് ബ്രസീലിൽ സ്പെയിൻ വംശീയവാദികളുടെ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ അത് ഞാനും സമ്മതിക്കുന്നു. വിനീഷ്യസ് പറഞ്ഞു.