10 പേരായി ചുരുങ്ങിയ റയൽ ബെറ്റിസിനെ തകർത്തു വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഗെട്ടൂസയുടെ വലൻസിയ. ജയത്തോടെ മോശം തുടക്കത്തിന് ശേഷം വലൻസിയ പത്താം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബെറ്റിസ് ആറാം സ്ഥാനത്തേക്ക് വീണു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 9 മിനിറ്റിനു ഇടയിൽ 61 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു എഡ്‌ഗർ ഗോൺസാലസ് പുറത്ത് പോയത് ആണ് മത്സരം മാറ്റി മറിച്ചത്.

തുടർന്ന് ലഭിച്ച ഫ്രീകിക്ക് ഉഗ്രൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ട ആന്ദ്ര അൽമെയിഡ വലൻസിയക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ ജസ്റ്റിൻ ക്ലെയ്വർട്ടിനെ അലക്‌സ് മൊറെനോ വീഴ്ത്തിയതോടെ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മറ്റൊരു പകരക്കാരൻ ഹ്യൂഗ്യോ ഗുല്ലിയമോൻ 81 മത്തെ മിനിറ്റിൽ വലൻസിയ ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ജോസെ ഗയയുടെ പാസിൽ നിന്നു ഗോൾ നേടിയ ജസ്റ്റിൻ ക്ലെയ്വർട്ട് വലൻസിയ ജയം പൂർത്തിയാക്കുക ആയിരുന്നു.