ഈ സീസണിൽ നിരാശ മാത്രമായിരുന്നു സമ്പാദ്യം എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് സിമിയോണിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റില്ല. താൻ അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും എന്ന് സിമിയോണി ഇന്ന് പറഞ്ഞു. അതിൽ ആർക്കും ഒരു ആശങ്കയും വേണ്ട എന്ന് സിമിയോണി പറഞ്ഞു. അത്ലെറ്റിക്കോ മാഡ്രിഡിൽ ഡീഗോ സിമിയോണിക്ക് ഇപ്പോൾ 2024 വരെയുള്ള കരാർ ഉണ്ട്. കഴിഞ്ഞ സീസണിൽ ലാ ലിഗ ചാമ്പ്യൻമാരായതിന് ശേഷമായിരുന്നു സിമിയോണി കരാർ പുതുക്കിയത്. ഈ കരാർ പൂർത്തിയാകുന്നത് വരെ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ ഉണ്ടാകും.
2011ൽ ആയിരുന്നു പരിശീലകനായി അത്ലറ്റിക്കോയിലേക്ക് സിമിയോണി എത്തിയത്. അതിനു മുമ്പ് കളിക്കാരനായി അഞ്ച് വർഷത്തോളം അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിനൊപ് ഉണ്ടായിരുന്നു. 1996ൽ അത്ലറ്റിക്കോയ്ക്ക് ഒപ്പം സ്പെയിനിൽ ഡബിളും നേടിയിട്ടുണ്ട്. സിമിയോണി പരിശീലകനായിരുന്ന സമയത്ത് രണ്ട് ലാ ലിഗാ കിരീടങ്ങളും (2014, 2021) രണ്ട് യൂറോപ്പ ലീഗുകളും (2012, 2018) ഉൾപ്പെടെ എട്ട് കിരീടങ്ങൾ അത്ലെറ്റിക്കോ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനെതിരായ രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലും ഈ കാലഘട്ടത്തിൽ നടന്നു.