റയൽ മാഡ്രിഡിൽ പ്രതിസന്ധി, കെയ്‌ലോർ നവാസിനും പരിക്ക്

റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്‌ലോർ നവാസിന് പരിക്ക്. ഇതോടെ ഒരുപറ്റം താരങ്ങളുടെ പരിക്ക് വലക്കുന്ന റയൽ മാഡ്രിഡിന് നവാസിന്റെ പരിക്ക് കടുത്ത വെല്ലുവിളിയാണ്. ടോണി ക്രൂസ്, മരിയാനോ ഡയസ്, മാർക്കോസ് ലോറെൻറെ, ഗാരെത് ബെയ്ൽ, അസെൻസിയോ, ജെസുസ് വയ്യെഹോ എന്നീ താരങ്ങൾ റയൽ മാഡ്രിഡ് നിരയിൽ പരിക്കിന്റെ പിടിയിലാണ്. സീസണിൽ തിബോ ക്വർട്ടക്ക് പിന്നിൽ രണ്ടാം ഗോൾ കീപ്പറായാണ് നവാസ് കളിച്ചിരുന്നത്. എന്നാൽ ജനുവരി 6 മുതൽ ക്വർട്ടക്ക് പരിക്കേറ്റതോടെ നവാസ് ആയിരുന്നു റയൽ മാഡ്രിഡ് വല കാത്തിരുന്നത്.

ഇന്നലെ സെവിയ്യക്കെതിരെ നടന്ന മത്സരം പരിക്കുമൂലം നവാസിന് നഷ്ടമായിരുന്നു. റയൽ മാഡ്രിഡിന്റെ മറ്റൊരു ഗോൾ കീപ്പറായ തിബോ ക്വർട്ട കഴിഞ്ഞ ദിവസം മാത്രമാണ് പരിക്ക് മാറി ടീമിനൊപ്പം ചേർന്നത്. ഇന്നലെ സെവിയ്യക്കെതിരെ കളിച്ച റയൽ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ച് ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. അടുത്ത വ്യാഴാഴ്ചയാണ് റയൽ മാഡ്രിഡിന്റെ  ജിറോണെകെതിരെയുള്ള കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഒന്നാം പാദം.

Loading...