വീണ്ടും നാണംകെട്ട് റയൽ മാഡ്രിഡ്

Staff Reporter

സ്പെയിനിൽ റയൽ മാഡ്രിഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ലീഗിൽ 19ആം സ്ഥാനത്തുള്ള ടീമായ റയോ വയ്യേകാനോയാണ് റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് റയോ തങ്ങളുടെ വിജയം ഉറപ്പിച്ചത്. 1997ന് ശേഷം റയൽ മാഡ്രിഡിന് എതിരെ റയോ വയ്യേകാനോയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

ജെസുസ് വയ്യെഹോ റയോ താരത്തെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിളിച്ചത്. റഫറി ആദ്യം പെനാൽറ്റി അനുവദിച്ചില്ലെങ്കിലും തുടർന്ന് വാറിന്റെ സഹായത്തോടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. സിദാന് കീഴിൽ ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ തിബോ ക്വർട്ടയുടെ പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് റയൽ മാഡ്രിഡിന്റെ രക്ഷക്കെത്തിയത്. തോൽവിയോടെ ലാ ലീഗയിൽ രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കാമെന്ന റയൽ മാഡ്രിഡിന്റെ പ്രതീക്ഷ ഇതോടെ അവസാനിച്ചു. മൂന്ന് മത്സരം മാത്രം ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ 9 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്.

ലീഗിൽ റയൽ മാഡ്രിഡിന്റെ അവസാന 8 ഗോളുകൾ നേടിയ കരീം ബെൻസേമയുടെ അഭാവം റയൽ മാഡ്രിഡ് നിരയിൽ ഇന്നലെ കാണാമായിരുന്നു. ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് ബെൻസേമ ഈ സീസണിൽ ഇനി കളിക്കില്ലെന്ന് വ്യക്തമായിരുന്നു.