എൽ ക്ലാസിക്കോയിലെ മികച്ച വിജയത്തോടെ ലാ ലീഗയിൽ കൃത്യമായ മുൻകൈ നേടിയെടുക്കാൻ റയൽ മാഡ്രിഡിന് ആയിരുന്നു. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി അഞ്ച് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ബാഴ്‌സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ആൻസലോട്ടിയും സംഘവും ലോകകപ്പ് ഇടവേളക്ക് മുന്നോടിയായുള്ള അവസാന മത്സരത്തിന് ഇറങ്ങുകയാണ്. സാന്റിയാഗോ ബെർണബ്യുവിൽ കാഡിസ് ആണ് എതിരാളികൾ. കഴിഞ്ഞ ദിവസം പത്ത് പേരുമായി കളിച്ച് ഒസാസുനയെ പൊരുതി വീഴ്ത്തിയതോടെ അഞ്ച് പോയിന്റ് ലീഡാണ് തലപ്പത്ത് ബാഴ്‌സക്ക് ഉള്ളത്. ഒരു വാരത്തിന്റെ ഇടവേളയിൽ ലീഗിലെ മേൽക്കൈ നഷ്ടമായെങ്കിലും ഇനി ഒരു പോയിന്റ് പോലും നഷ്ടപെടാതെ ഇരിക്കാൻ സർവ്വ സന്നാഹങ്ങളോടും കൂടി ആവും റയൽ കാഡിസിനെതിരെ ഇറങ്ങുക.
റയോ വയ്യക്കാനോക്കെതിരെ റയൽ നിരയിൽ ഇല്ലാതിരുന്ന ടോണി ക്രൂസ് തിരിച്ചെത്തുന്നത് ടീമിന് വലിയ ആശ്വാസമാകും. ജർമൻ താരത്തിന്റെ അസാനിധ്യം ചൗമേനി അടക്കമുള്ള താരങ്ങളെ ബാധിക്കുന്നുണ്ട് എന്നും ക്രൂസ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉള്ള ഫ്രഞ്ച് താരത്തിന്റെ പ്രകടനത്തിൽ കാര്യമായ വ്യത്യാസം ഉണ്ടെന്നും ആൻസലോട്ടി അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം കരീം ബെൻസിമ, റൂഡിഗർ എന്നിവരുടെ കാര്യം ഇപ്പോഴും സംശയത്തിലാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഗെറ്റാഫെ, ബെറ്റിസ് എന്നിവരെ സമനിലയിൽ തളക്കുകയും അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തുകയും ചെയ്ത കാഡിസിന്റെ പോരാട്ട വീര്യത്തെ മറികടക്കാൻ റയൽ കാര്യമായി തന്നെ പരിശ്രമിക്കേണ്ടി വരും.