റയൽ മാഡ്രിഡിന്റെ ഇതിഹാസം താരമായി മാറിയ മോഡ്രിച് ക്ലബിൽ ഒരു വർഷം കൂടെ തുടരും. ക്രൊയേഷ്യൻ മധ്യനിര താരം ലൂക മോഡ്രിചിന് പുതിയ കരാർ നൽകിയതായി റയൽ മാഡ്രിഡ് ഇന്ന് പ്രഖ്യാപിച്ചു. 2023 ജൂൺ വരെ മോഡ്രിച് ക്ലബിൽ തുടരും. 36കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതായിരുന്നു.
2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ മോഡ്രിച് റയലിനായി കളിച്ചിട്ടുണ്ട്. റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 20 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്. അടുത്ത കരാറിന് അവസാനം മോഡ്രിച് ഫുട്ബോളിൽ നിന്ന് തന്നെ വിരമിക്കാൻ സാധ്യതയുണ്ട്. മോഡ്രിച് റയലിൽ തുടരാൻ വേണ്ടി വേതനം കുറക്കാൻ തയ്യാറായി എന്നാണ് വാർത്തകൾ. റയലിൽ തന്നെ വിരമിക്കണം എന്നാണ് 36കാരനായ മോഡ്രിചിന്റെ ആഗ്രഹം.