എൽ ക്ലാസ്സികോ ആവേശത്തിന് മെസ്സിയുണ്ടാകില്ല

- Advertisement -

ഈ മാസം 28 ന് നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ലയണൽ മെസ്സിയുണ്ടാകില്ല. സെവിയ്യക്ക് എതിരെ നടന്ന ല ലീഗ മത്സരത്തിന് ഇടയിൽ കൈ എല്ലിന് പൊട്ടലേറ്റ താരത്തിന് ചുരുങ്ങിയത് 3 ആഴ്ച്ചയെങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും.

ക്ലാസിക്കോ മത്സരത്തിന് പുറമെ ല ലീഗെയിൽ റയോ വല്ലകാനോ, റയൽ ബെറ്റിസ് ടീമുകൾക്ക് എതിരായ മത്സരങ്ങളും ബാഴ്സ ക്യാപ്റ്റന് നഷ്ടമാകും. ഇതിനിടയിൽ നടക്കുന്ന ഇന്ററിന് എതിരായ നിർണായക ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളും താരത്തിന് നഷ്ടമാകും. സെവിയ്യക്ക് എതിരെ ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്.

ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ ഏറെ കാലമായി എൽ ക്ലാസിക്കോ കാഴ്ചയായിരുന്ന മെസ്സി- റൊണാൾഡോ പോര് നഷ്ടമായിരുന്നു. മെസ്സിയുടെ അഭാവം കൂടെ വന്നതോടെ ക്യാമ്പ് ന്യൂവിൽ ആരാധകർക്ക് അത് വലിയ നഷ്ടമാകും. 2007 ന് ശേഷം മെസ്സി, റൊണാൾഡോ ഇവരിൽ ആരെങ്കിലും ഇല്ലാതെ ഒരു ക്ലാസിക്കോ പോരാട്ടം അരങ്ങേറാൻ പോകുന്നത്.

Advertisement