വിജയമില്ലാത്ത രണ്ടു മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണ വിജയ വഴിയിൽ എത്തി. ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ എൽചെയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സലോണക്ക് വേണ്ടി ഇരട്ട ഗോളുകളുമായി ലയണൽ മെസ്സിയാണ് താരമായത്. രണ്ടാം പകുതിയിലായിരുന്നു ബാഴ്സലോണയുടെ മൂന്ന് ഗോളുകളും വന്നത്.
48ആം മിനുട്ടിൽ ഒറ്റയ്ക്ക് പന്തുമായി കുതിച്ച മെസ്സി ബോക്സിൽ വെച്ച് ബ്രെത്ബൈറ്റുമായി പാസുകൾ കൈമാറി അവസാനം പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. 69ആം മിനുട്ടിൽ ഡിയോങിന്റെ അസിസ്റ്റിൽ മെസ്സി ലീഡ് ഇരട്ടിയാക്കി. ഇന്നത്തെ രണ്ടു ഗോളുകളോടെ മെസ്സി ലാലിഗയിൽ 18 ഗോളുകളുമായി ഈ സീസണിലെ ടോപ് സ്കോറർ ആയി. 73ആം മിനുട്ടിൽ ജോർദി ആൽബയിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ ബാഴ്സലോണ ലീഗിൽ 50 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.