ബാഴ്സലോണ മാനേജ്മെന്റും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും രൂക്ഷമായേക്കും. ബാഴ്സലോണ താരങ്ങളോട് വേതനം കുറയ്ക്കാൻ വീണ്ടും മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് കൊറോണ വന്നപ്പോൾ വേതനം കുറക്കാൻ താരങ്ങൾ തയ്യാറായിരുന്നു. എന്നാൽ അന്ന് താരങ്ങൾക്ക് എതിരെ വിമർശനവുമായി ബാഴ്സലോണ പ്രസിഡന്റ് ബാർതെമെയു വന്നത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.
മെസ്സി അടക്കമുള്ള താരങ്ങൾ പരസ്യമായി തന്നെ പ്രതിരോധം തീർത്തിരുന്നു. ഇപ്പോൾ വീണ്ടും വേതനം കുറക്കാൻ ആവശ്യപ്പെടുമ്പോൾ ബാഴ്സലോണ താരങ്ങൾ എതിർപ്പുമായി രംഗത്ത് വരാൻ ആണ് സാധ്യത. സീനിയർ താരങ്ങൾ മാത്രമല്ല ബാഴ്സലോണ ബി ടീമിൽ കളിക്കുന്നവരോടും വേതനം കുറക്കാൻ ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും വേതനം കുറക്കാൻ താരങ്ങൾ തയ്യാറാകാൻ സാധ്യതയില്ല. ബാഴ്സലോണ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം റിപ്പോർട്ട് ചെയ്ത ക്വാർട്ടറായിരുന്നു കടന്നു പോയത്. അതുകൊണ്ട് തന്നെ താരങ്ങൾ വേതനം കുറക്കണം എന്നത് ക്ലബിന് അത്യാവശ്യമാണ്. 30% എങ്കിലും ശമ്പളം കുറക്കാൻ ആണ് ക്ലബ് ആവശ്യപ്പെടുന്നത്.