ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് ലൂയിസ് സുവാരസ്

ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ഇന്നലെ അലവേസിനെതിരെ നേടിയ ഗോൾ ലൂയിസ് സുവാരസിന്റെ കരിയറിലെ 500മത്തെ ഗോളായിരുന്നു. മത്സരത്തിന്റെ 54ആം മിനുട്ടിൽ കീറൻ ട്രിപ്പിയറിന്റെ ക്രോസിൽ നിന്നാണ് സുവാരസ് തന്റെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള 500മത്തെ ഗോൾ നേടിയത്. 500 ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ ഉറുഗ്വ താരം കൂടിയാണ് സുവാരസ്

ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ നിന്ന് അത്ലറ്റികോ മാഡ്രിഡിൽ എത്തിയ ലൂയിസ് സുവാരസ് മികച്ച ഫോമിലാണ്. ലാ ലീഗ സീസണിൽ ഇതുവരെ 19 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്. 21 ഗോളുകൾ നേടിയ ലയണൽ മെസ്സി മാത്രമാണ് സുവാരസിന് മുൻപിലുള്ളത്.

പ്രഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ച നാസിയോണളിൽ 12 ഗോളുകൾ നേടിയ സുവാരസ് ഗ്രോണിൻജെന് വേണ്ടി 15 ഗോളുകളും അയാക്സിന് വേണ്ടി 111 ഗോളുകളും ലിവർപൂളിന് വേണ്ടി 82 ഗോളുകളും നേടിയിട്ടുണ്ട്. കൂടാതെ ബാഴ്‌സലോണക്കുവേണ്ടി 198 ഗോളുകൾ നേടിയ സുവാരസ് അത്ലറ്റികോക്ക് വേണ്ടി ഇതുവരെ 19 ഗോളുകളാണ് നേടിയത്. കൂടാതെ ഉറുഗ്വ ദേശീയ ടീമിന് വേണ്ടി 63 ഗോളുകളും ലസ് സുവാരസ് നേടിയിട്ടുണ്ട്. 794 മത്സരങ്ങളിൽ നിന്നാണ് സുവാരസ് 500 ഗോളുകൾ നേടിയത്.