ബംഗ്ലാദേശ് ഓപ്പണര്‍ കോവിഡ് പോസിറ്റീവ്

ബംഗ്ലാദേശ് ടെസ്റ്റ് ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം കോവിഡ് പോസിറ്റീവെന്ന് പരിശോധനയില്‍ തെളിഞ്ഞു. വരുന്ന ലങ്കന്‍ പര്യടനത്തിന് മുന്നോടിയായി നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ താരം പങ്കെടുക്കുവാനിരിക്കുന്നതിനിടയിലാണ് താരത്തിന് തിരിച്ചടിയായി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് എത്തുന്നത്. താന്‍ ഹോട്ടല്‍ റൂമില്‍ ഐസൊലേഷനിലാണെന്നും തന്റെ മൂന്നാമത്തെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. ഈ റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ തനിക്ക് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാമെന്ന് ഷദ്മന്‍ ഇസ്ലാം പറഞ്ഞു.

ലങ്കന്‍ പര്യടനത്തിന് മുമ്പ് ബംഗ്ലാദേശ് ടെസ്റ്റ് സാധ്യത ലിസ്റ്റിലുള്ള എല്ലാ താരങ്ങളും നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 21ന് ആണ് ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം.

നേരത്തെ ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്കും ആദ്യ റൗണ്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ പരിശോധനയില്‍ താരം നെഗറ്റീവായതടെ എന്‍സിഎലിന്റെ ആദ്യ റൗണ്ടില്‍ കളിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കും.