ഇന്ന് വലൻസിയക്ക് എതിരായ റയൽ മാഡ്രിഡിന്റെ മത്സരം വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും വലൻസിയ ആരാധകർ വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിക്കുകയും ഇത് അവസാനം താരത്തെ പ്രകോപിപ്പിക്കുകയും ചെയ്തു. താരം കയ്യാങ്കളിക്ക് ഒടുവിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഇത് ലാലിഗയുടെ പ്രശ്നമാണ് എന്നും ലാലിഗ വംശീയാധിക്ഷേപങ്ങൾക്ക് മേൽ നടപടികൾ എടുക്കാത്തതാണ് പ്രശ്നം എന്നും ആഞ്ചലോട്ടി പറഞ്ഞു.
ഒരു സ്റ്റേഡിയം മുഴുവൻ വിനീഷ്യസിനെതിരെ വംശീയാധിക്ഷേപ ചാന്റ്സ് നടത്തുക ആയിരുന്നു എന്നും അപ്പോൾ എങ്ങനെ ആണ് ഒരു താരത്തിന് കളിക്കാൻ ആവുക എന്നും ആഞ്ചലോട്ടി ചോദിച്ചു. റഫറി കളി നിർത്തി വെക്കണമായിരുന്നു. ഞാൻ റഫറിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒരു ഗുണവും ഉണ്ടായില്ല. റയൽ മാഡ്രിഡ് കോച്ച് പറഞ്ഞു. ലാലിഗയിൽ ഏറെ കാലമായി ഇത് നടക്കുന്നു. താരങ്ങളും മാനേജറും കളി ഉപേക്ഷിച്ച് കളം വിട്ട് പ്രതിഷേധിച്ചാലെ ഈ കാര്യത്തിൽ നടപടി ഉണ്ടാകൂ എന്നും ആഞ്ചലോട്ടി പറഞ്ഞു.