റയൽ മാഡ്രിഡിനെ തോൽപ്പിച്ചു വലൻസിയ, വിനീഷ്യസ് ജൂനിയറിന് ചുവപ്പ് കാർഡ്

Wasim Akram

Picsart 23 05 22 00 29 27 020
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ തരം താഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയവുമായി വലൻസിയ. റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് അവർ അടുത്ത വർഷവും ലാ ലീഗയിൽ ഉണ്ടാവും എന്ന കാര്യം ഏകദേശം ഉറപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ റയലിന്റെ വലിയ ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു. മത്സരത്തിൽ 33 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. മുൻ റയൽ, ബാഴ്‌സലോണ യുവതാരം ആയ ഡീഗോ ലോപസ് ക്ലബിന് ആയുള്ള ആദ്യ ഗോൾ നേടി വലൻസിയക്ക് നിർണായക ജയം സമ്മാനിക്കുക ആയിരുന്നു.

വലൻസിയ

ജസ്റ്റിൻ ക്ലെവർട്ടിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. വലൻസിയ ഗോൾ കീപ്പർ പലപ്പോഴും റയലിന് മുന്നിൽ വില്ലനായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ താരങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടായി. തന്നെ ഫൗൾ ചെയ്ത താരങ്ങളോടും അധിക്ഷേപങ്ങൾ തുടർന്ന ആരാധകരോടും വിനീഷ്യസ് കയർത്തു. തുടർന്ന് വലൻസിയ ഗോൾ കീപ്പറുടെ മുഖത്ത് തള്ളിയ വിനീഷ്യസ് ജൂനിയറിന് റഫറി വാർ പരിശോധനക്ക് ശേഷം ചുവപ്പ് കാർഡ് നൽകുക ആയിരുന്നു. കരിയറിലെ ആദ്യ നേരിട്ടുള്ള ചുവപ്പ് കാർഡ് ആണ് ബ്രസീലിയൻ താരത്തിന് ഇത്. ജയത്തോടെ 13 സ്ഥാനത്തേക്ക് കയറിയ വലൻസിയ 3 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലീഗിൽ നിലനിൽക്കുന്ന കാര്യം കൂടുതൽ ശക്തമാക്കി. അതേസമയം പരാജയത്തോടെ റയൽ അത്ലറ്റികോ മാഡ്രിഡിന് പിറകിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.