പുതു സീസണിലേക്കുള്ള മത്സരക്രമങ്ങൾ നിശ്ചയിച്ച് ലാ ലീഗ

Nihal Basheer

20230622 181433
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിലെ മത്സരക്രമങ്ങൾ ലാ ലീഗ പുറത്തു വിട്ടു. ഓഗസ്റ്റ് 12നും 13നും ആയി ആരംഭിക്കുന്ന ലീഗിന്റെ ആദ്യ വാരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സക്ക് ഗെറ്റാഫെ ആണ് എതിരാളികൾ. ഗെറ്റഫെയുടെ തട്ടകത്തിൽ വെച്ചാണ് മത്സരം നടക്കുക. റയൽ മാഡ്രിഡിനും ആദ്യം എവേ മത്സരം ആണ്. അത്ലറ്റിക് ക്ലബ്ബ് ആണ് എതിരാളികൾ. അത്ലറ്റികോ മാഡ്രിഡ് മെട്രോപോളിറ്റാനോയിൽ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ഗ്രാനഡയെ വരവേൽക്കും. സെവിയ്യ-വലൻസിയ, വിയ്യാറയൽ-ബെറ്റിസ് മത്സരങ്ങൾ ആണ് ആദ്യ വാരത്തിലെ ഗ്ലാമർ പോരാട്ടങ്ങൾ.
20230622 181559
സീസണിൽ ക്യാമ്പ്ന്യൂവിൽ നിന്നും മാറി പുതിയ സ്റ്റേഡിയത്തിൽ കളിക്കുന്ന ബാഴ്‌സ ആദ്യ മൂന്ന് മത്സരങ്ങൾ എവേ ആവണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ അവർക്ക് കാഡിസിനെ നേരിടണം. മൂന്നാം മത്സരത്തിൽ വിയ്യാറയലും ആണ് എതിരാളികൾ. റയലിന് രണ്ട്, മൂന്ന്, നാല് വാരങ്ങളിൽ താരതമ്യേന ദുർബലരായ അൽമേരിയാ, സെൽറ്റ, ഗെറ്റാഫെ എന്നിവരെ നേരിടണം. എന്നാൽ ലീഗിന്റെ അവസാന രണ്ടു മത്സരങ്ങൾ വിയ്യാറയൽ, റയൽ ബെറ്റിസ് ടീമുകളാണ് എതിരാളികൾ എന്നത് കിരീടപ്പോരാട്ടത്തിൽ നിർണായമാവും. ബാഴ്‌സക്ക് ലീഗിലെ അവസാന എതിരാളികൾ സെവിയ്യ ആണ്.
20230622 181554
ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ ആദ്യ മത്സരം ബാഴ്‌സയുടെ തട്ടകത്തിൽ വെച്ച് നടക്കും. ഒക്ടോബർ 29നാണ് പോരാട്ടം. പിന്നീട് ബെർണബ്യുവിൽ വെച്ചുള്ള മത്സരം ഏപ്രിൽ 24നും കുറിച്ചിട്ടുണ്ട്. നഗരവൈരികളായ അത്ലറ്റികോയും റയലും തമ്മിൽ സെപ്റ്റംബർ 24 അത്ലറ്റികോയുടെ തട്ടകത്തിൽ ഏറ്റു മുട്ടും. രണ്ടാം മത്സരം ഫെബ്രുവരി നാലിന് ബെർണബ്യുവിൽ വെച്ചും നടക്കും. മത്സര ദിനങ്ങൾ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മറ്റ് കപ്പ് മത്സരങ്ങളുടെ തിയ്യതി അനുസരിച്ചു മാറ്റങ്ങൾ വരാം. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കടുത്ത മത്സരങ്ങൾ പൊതുവെ തുടർച്ചയായ വാരങ്ങളിൽ വരാത്തത് വമ്പൻ ടീമുകൾക്ക് ആശ്വാസമാണ്.