ഇന്ററിനോടേറ്റ തോൽവിക്ക് പുറമേ ബാഴ്‌സക്ക് ഒട്ടും നല്ല സമയമല്ലെന്ന് അടിവരയിട്ടു കൊണ്ട് പരിക്കേറ്റവരുടെ പട്ടികയിലേക്ക് ഫ്രാങ്ക് കെസ്സി കൂടി. മത്സരത്തിൽ പരിക്കിന്റെ ലക്ഷണങ്ങൾ ഒന്നും കാണിക്കാതിരുന്ന താരത്തിനെ, ഇന്ന് നടന്ന വൈദ്യപരിശോധനകൾക്ക് ശേഷമാണ് പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്‌സ അറിയിച്ചത്. വലത് തുടയുടെ പേശികൾക്ക് അനുഭവപ്പെടുന്ന വലിവാണ് താരത്തിന് വിനയായത്. തിരിച്ചു വരവിന് എത്ര ദിവസം എടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും രണ്ടാഴ്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. ഇതോടെ ഇന്റർ മിലാനെതിരായ അടുത്ത മത്സരവും എൽ ക്ലാസിക്കോയും അടക്കമുള്ള നിർണായക മത്സരങ്ങളിൽ താരത്തിന്റെ സേവനം സാവിക്ക് ലഭ്യമാവില്ല.
ഇതോടെ ബാഴ്‌സയിൽ പരിക്കേറ്റവരുടെ പട്ടികയിൽ ആറു കോളം തികഞ്ഞിരിക്കുകയാണ്. അതിൽ തന്നെ അറോഹോ, കുണ്ടേ, ക്രിസ്റ്റൻസൻ, ബെല്ലറിൻ തുടങ്ങി പ്രതിരോധ താരങ്ങളുടെ അഭാവമാണ് ടീമിനെ കൂടുതൽ ബാധിക്കാൻ പോകുന്നത്. ഫ്രാങ്കി ഡിയോങ് മടങ്ങി എത്തുന്നത് മാത്രമാണ് ഇതിനിടയിൽ ടീമിന് ആശ്വാസം നൽകുന്ന വാർത്ത.