സെർജിയോ ബുസ്‌ക്വറ്റ്സിന് പുറമെ ജോർഡി ആൽബയും സീസണോടെ ബാഴ്‌സലോണ വിടുന്നു. മുപ്പതിനാലുകാരനായ ലെഫ്റ്റ് ബാക്ക് ടീം വിടുന്നതായി ജെറാർഡ് റോമെറോ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ആൽബക്ക് നിലവിൽ ഒരു സീസൺ കൂടി കരാർ ബാക്കിയുണ്ട്. എന്നാല് ലീഗ് കിരീടം നേടിയ സീസണിൽ തന്നെ പുതിയ തട്ടകം തേടാനാണ് നിലവിലെ തീരുമാനം. ട്രാൻസ്ഫർ ആയല്ല, ഫ്രീ എജെന്റ് ആയി തന്നെയാണ് താരം ടീമിനോട് വിട പറയുന്നത്. ക്യാമ്പ് ന്യൂവിൽ വെച്ച് നടക്കുന്ന സീസണിലെ അവസാന ഹോം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ യാത്രപറയാനാണ് സ്പാനിഷ് താരത്തിന്റെ തീരുമാനം എന്നും റോമെറോ പറയുന്നു. നേരത്തെ ടീം വിടുമെന്ന് പ്രഖ്യാപിച്ച സെർജിയോ ബുസ്‌ക്വേറ്റ്സിനും അന്നേ ദിവസം ടീം യാത്രയപ്പ് നൽകും.
2012ൽ വലൻസിയയിൽ നിന്നും ബാഴ്‌സയിൽ എത്തിയ ആൽബ പിന്നീട് ടീമിന്റെ അഭിവാജ്യ ഘടകം ആയിരുന്നു.
ഇതോടെ ഞായറാഴ്ച മയ്യോർക്കക്കെതിരെ നടക്കുന്ന മത്സരം ക്ലബ് ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുന്ന ഒന്നായി മാറും. ഈ മത്സരത്തോടെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്ന ക്യാമ്പ് ന്യൂ അടുത്ത വർഷത്തോടെ മാത്രമേ പുതുക്കിയ മുഖവുമായി വീണ്ടും തുറക്കുകയുള്ളു. പഴയ സ്റ്റേഡിയത്തിൽ ഉള്ള അവസാന മത്സരം കഴിഞ്ഞ ഒരു ദശകത്തിൽ അധികമായി ടീമിന്റെ നെടുംതൂണുകളായി പ്രവർത്തിച്ച താരങ്ങൾക്കുള്ള യാത്രയപ്പ് കൂടി ആവും എന്നത് കാവ്യനീതിയായി. സെർജിയോ ബുസ്‌ക്വറ്സിനെ പോലെ തന്നെ ആൽബയുടെയും അടുത്ത തട്ടകം സൗദി ആയേക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ബാഴ്‌സയിൽ നിന്നും ലഭിക്കാനുള്ള വരുമാനത്തിന്റെ വലിയൊരു ഭാഗം ഇതോടെ താരം വേണ്ടെന്നു വെച്ചേക്കും എന്നും സൂചനകൾ ഉണ്ട്. ഇതോടെ ടീമിന്റെ സുവർണ കാലത്തിൽ ഉണ്ടായിരുന്ന പിക്വേ, ആൽബ, ബുസ്ക്വറ്റ്‌സ് എന്നിവർക്ക് ഒരേ സീസണിൽ ടീമിൽ നിന്നും വിടവാങ്ങുകയാണ്.