പ്രായം തളർതാത്ത പോരാളി, ഹോക്വിനെ ടീമിൽ നിലനിർത്താൻ ബെറ്റിസ്

Nihal Basheer

20220706 220039

രണ്ടു പതിറ്റാണ്ടിലധികമായി ലാ ലീഗയിലെ നിറ സാന്നിധ്യമായ ഹോക്വിൻ സാഞ്ചസ് ഒരു വർഷം കൂടി ലീഗിൽ തുടരും. ക്യാപ്റ്റൻ കൂടിയായ താരത്തിനെ ഒരു വർഷം കൂടി റയൽ ടീമിൽ നിലനിർത്താൻ റയൽ ബെറ്റിസ് തീരുമാനിക്കുകയായിരുന്നു. ദിവസങ്ങൾക്കപ്പുറം നാല്പത്തിയൊന്നാം ജന്മദിനം കാത്തിരിക്കുന്ന താരത്തിന് തന്റെ കരിയർ ഇതോടെ ബെറ്റിസിനോടൊപ്പം തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും.സീനിയർ തലത്തിൽ താരത്തിന്റെ ഇരുപത്തിമൂന്നാം സീസൺ ആവും ഇത്.

ബെറ്റിസിന്റെ യൂത്ത് ടീമിലൂടെ വളർന്ന താരം 2000 ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ആറു സീസണുകളിൽ ടീമിനായി ഇറങ്ങിയ ശേഷം വലസിയയിലേക്ക് കൂടുമാറി. പുതിയ തട്ടകത്തിലും തന്റെ മികച്ച പ്രകടനം തുടർന്ന താരം തുടർന്ന് മലാഗയിലേക്കും ഫ്‌യോറെന്റിനയിലേക്കും ചേക്കേറി. തുടർന്ന് 2015 തന്റെ മുൻ ക്ലബ്ബ് ആയ ബെറ്റിസിലോട്ട് തിരിച്ചെത്തി. നാല്പത്തിന്റെ ഇളപ്പത്തിലും ഇരുപതോളം ലീഗ് മത്സരങ്ങളിൽ അവസാന സീസണിൽ ടീമിനായി ഇറങ്ങി. ഒരു സീസൺ കൂടി ടീമിൽ തുടരാൻ സാധിച്ചതോടെ വിവിധ ടൂർണമെന്റുകളിലായി ബെറ്റിസിന് വേണ്ടി അഞ്ഞൂറ് മത്സരം തികക്കാനും താരത്തിനാവും.ബെറ്റിസിനൊപ്പം കഴിഞ്ഞ സീസണിലെ അടക്കം രണ്ടു തവണ കോപ്പ ഡെൽ റേ കിരീടം നേടാൻ സാധിച്ചു.