ഡീപെയ് ജനുവരിയിൽ ടീം വിടില്ല, സൂചനയുമായി ജോർഡി ക്രൈഫ്

20221209 031242

മുന്നേറ്റ താരം മെംഫിസ് ഡീപെയ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിട്ടേക്കില്ല എന്ന സൂചനയുമായി ജോർഡി ക്രൈഫ്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവോയുമായുള്ള അഭിമുഖത്തിലാണ് ബാഴ്‌സ സ്പോർട്ടിങ് ഡയറക്ടർ നിലപാട് വ്യക്തമാക്കിയത്. ഫിനാൻഷ്യൽ ഫെയർപ്ലേ കാരണം പുതിയ താരങ്ങളെ എത്തിക്കാൻ ക്ലബ്ബ് തടസം നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“കഠിനാധ്വാനിയായ താരമാണ് മെംഫിസ്, സാവിയും ഇത് അംഗീകരിക്കും. എപ്പോഴും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കും. അത് കൊണ്ട് തന്നെ ഒരു ട്രാൻസ്ഫെറിനെ കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ല, ലീഗിന്റെ അടുത്ത ഘട്ടത്തിലേക്കും മികച്ച ടീമിനെ ഞങ്ങൾക്ക് ആവശ്യമുണ്ട്.” ജോർഡി പറഞ്ഞു. ലെവെന്റോവ്സ്കിയുടെ മൂന്ന് മത്സരങ്ങളിൽ ഉള്ള സസ്‌പെൻഷനും പരിഗണിക്കണം എന്നു പറഞ്ഞ അദ്ദേഹം ഫിനാൻഷ്യൽ ഫെയർപ്ലേ കാരണം പുതിയ താരങ്ങളെ എത്തിക്കാൻ സാധിക്കാത്ത തങ്ങൾ എങ്ങനെ നിലവിലെ താരങ്ങളെ കയ്യൊഴിയുന്നത് ചിന്തിക്കും എന്നും കൂട്ടിച്ചേർത്തു. പരിക്കിൽ നിന്നും പൂർണമായി മുക്തനായി എത്തുന്ന താരത്തിന് ക്ലബ്ബിനെ കൂടുതൽ സഹായിക്കാൻ കഴിയും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.