റൊണാൾഡോക്ക് ഹാട്രിക്, സോസിഡാഡിനെ ഗോളിൽ മുക്കി റയൽ

- Advertisement -

ക്രിസ്റ്റിയാനോ റൊണാൾഡോ ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ റയൽ മാഡ്രിഡിന് ല ലീഗെയിൽ റയൽ സോസീഡാഡിന് എതിരെ മികച്ച ജയം. 5-2 നാണ് സിദാന്റെ സംഘം സാന്റിയാഗോ ബെർണാബുവിൽ സൊസീഡാഡിന് കനത്ത പ്രഹരം നൽകിയത്. ലവന്റെക്ക് എതിരായ സമനിലക്ക് ശേഷം ജയം അനിവാര്യമായി ഇറങ്ങിയ റയൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് ആധിപത്യം നേടാൻ അനുവദിക്കാതെയാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ 42 പോയിന്റുള്ള റയൽ വലൻസിയയെ മറികടന്ന് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി.

ആദ്യ മിനുട്ടിൽ തന്നെ ലൂക്കാസ് വാസ്‌കേസിലൂടെ മുന്നിലെത്തിയ റയൽ ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾ നേടി ജയം ഉറപ്പിച്ചതാണ്. 27 ആം മിനുട്ടിലാണ് റൊണാൾഡോ തന്റെ ഹാട്രിക് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. മാർസെലോയുടെ പാസ്സ് ഗോളാക്കി തുടങ്ങിയ റൊണാൾഡോ പിന്നീട് 37 ആം മിനുട്ടിൽ മോദ്‌റിച്ചിന്റെ പാസ്സിൽ രണ്ടാം ഗോളും നേടി. ഇതിന് 3 മിനുറ്റ് മുൻപ് ടോണി ക്രൂസ് അളന്ന് മുറിച്ച ഫിനിഷിലൂടെ റയലിന്റെ ലീഡ് മൂന്നാക്കി ഉയർത്തിയിരുന്നു.

നാല് ഗോളിന്റെ മുൻതൂക്കം രണ്ടാം പകുതിയിൽ 15 മിനുറ്റ് പിന്നിട്ടപ്പോൾ ഇസ്കോ, ബെയ്‌ൽ, കൊവാചിച് എന്നിവരെ ഇറക്കാൻ സിദാന് ആത്മവിശ്വാസം നൽകി. വാസ്‌കേസ്, അസെൻസിയോ, മോദ്‌റിച് എന്നിവരെയാണ് സിദാൻ പിൻവലിച്ചത്. 74 ആം മിനുട്ടിൽ ബൗട്ടിസ്റ്റായിലൂടെ സോസിഡാഡ് ഒരു ഗോൾ മടക്കിയെങ്കിലും 80 ആം മിനുട്ടിൽ റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കി. തൊട്ടടുത്ത മിനുട്ടിൽ ഇല്ലാർമെന്റി സോസിഡാഡിനായി ഗോൾ നേടിയെങ്കിലും ഒരു തിരിച്ചു വരവിനുള്ള സമയമില്ലായിരുന്നു. 14 ആം തിയതി പി എസ് ജി ക്ക് എതിരായ മത്സരത്തിന് മുൻപ് ടീം മികച്ച ഫോമിലേക്ക് ഉയർന്നത് റയൽ പരിശീലകൻ സിദാന് ആത്മവിശ്വാസമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement