ബാഴ്‌സലോണയുടെ മൊറോക്കൻ പ്രതിരോധ താരം ചാഡി റിയാദ് റയൽ ബെറ്റിസിലേക്ക് ചേക്കേറുന്നു. രണ്ടര മില്യൺ യൂറോയുടെ കൈമാറ്റ തുകക്കാണ് കൈമാറ്റം നടക്കുന്നത്. താരത്തെ ഭാവിയിൽ തിരികെ എത്തിക്കാൻ പദ്ധതി ഉള്ളതിനാൽ ബൈ-ബാക്ക് ക്ലോസോടെയാണ് ട്രാൻസ്ഫർ പൂർത്തിയാവുക. കൂടാതെ മറ്റ് ടീമുകളിലേക്കാണ് താരത്തെ കൈമാറുന്നത് എങ്കിൽ 50% സെൽ-ഓൺ ക്ലോസും ബാഴ്‌സ നേടും. യൂത്ത് ടീമിലെ നിലവിലെ ഏറ്റവും പ്രതിഭാധനനായ പ്രതിരോധ താരമായി കണക്കാക്കുന്ന താരമാണ് റിയാദ്.
അണ്ടർ 23 ആഫ്രിക്കൻ ചാമ്പ്യൻഷിപ്പ് സഹതരമായ ആബ്ദെക്കൊപ്പം ഉയർത്തിയ ശേഷമാണ് ചാഡി റിയാദ് ബാഴ്‌സിലേക്ക് തിരികെ എത്തിയത്. ബാഴ്‌സ അത്ലറ്റിക്, രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടാതെ പോയപ്പോൾ തന്നെ താരത്തിനെ ലോൺ അടക്കമുള്ള മാർഗങ്ങളിലൂടെ കൈമാറുമെന്ന സൂചന ഉണ്ടായിരുന്നു. ലാ ലീഗയിൽ നിന്ന് തന്നെ നിരവധി ടീമുകൾ ഓഫറുമായി എത്തി. അതിൽ റയൽ ബെറ്റിസിനെയാണ് താരം തെരെഞ്ഞെടുത്തത്. കഴിഞ്ഞ സീസണിൽ സീനിയർ ടീമിൽ അരങ്ങേറാൻ റിയാദിന് സാവി അവസരം ഒരുക്കിയിരുന്നു. എന്നാൽ ഇനിഗോ മർട്ടിനസ് അടക്കം എത്തിയതോടെ പുതിയ സീസണിൽ പകരക്കാരനായി പോലും 20കാരനായ റിയാദിന് അവസരം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ഇതോടെയാണ് ടീം താരത്തെ കൈമാറാൻ തീരുമാനിച്ചത്.