ലാ ലിഗ; ബാഴ്സലോണക്ക് ഇന്ന് എതിരാളികൾ വയ്യഡോയിഡ്

Nihal Basheer

20220827 232748

ലീഗിലെ മൂന്നാം മത്സരത്തിൽ ബാഴ്സലോണ റയൽ വല്ലഡോളിഡിനെ നേരിടുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ ബാഴ്‌സലോണ ഓരോ സമനിലയും വിജയവും നേടിയപ്പോൾ എതിരാളികൾക്ക് ഇതുവരെ വിജയം കണ്ടെത്താൻ ആയിട്ടില്ല. ക്യാമ്പ് ന്യൂവിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി പതിനൊന്നിനാണ് ആരംഭിക്കുന്നത്.

സമനിലയോടെ ലീഗ് ആരംഭിച്ചെങ്കിലും വിജയം കണ്ടെത്താൻ കഴിഞ്ഞതിന്റെയും ലെവെന്റോവ്സ്കി ഗോൾ നേടി തുടങ്ങിയത്തിന്റെയും ആവേശത്തിലാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. ജൂൾസ് കുണ്ടേയുടെ അരങ്ങേറ്റം ആവും മത്സരത്തിലെ പ്രത്യേകത. ലീഗിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് മൂലം ആദ്യ മത്സരങ്ങൾ നഷ്ടപ്പെട്ട താരത്തിനെ നാളെ മത്സരത്തിന് മുൻപ് രെജിസ്റ്റർ ചെയ്യാൻ സാധിക്കും എന്നാണ് സൂചനകൾ. കുണ്ടേ എത്തുമ്പോൾ ക്രിസ്റ്റൻസൻ ബെഞ്ചിലേക്ക് മടങ്ങിയേക്കും. മികച്ച പ്രകടനം തുടരുന്ന എറിക് ഗർഷ്യ തന്നെ കുണ്ടേക്കൊപ്പം ഡിഫെൻസിൽ എത്തും.

റൈറ്റ് ബാക്ക് സ്ഥാനത്ത് അരാഹുവോയും ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ബാൾഡേയേയും സാവി മാറ്റിയേക്കില്ല. ലീഗിൽ ഇത് വരെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാത്ത ഫാറ്റി, കെസ്സി എന്നിവർക്കും അവസരം ലഭിച്ചേക്കും. സസ്‌പെൻഷൻ കഴിഞ്ഞു ബാസ്ക്വറ്റ്‌സ് മടങ്ങി വരുമ്പോൾ കളിമെനയാൻ പെഡ്രി തന്നെ എത്തും.

ബാഴ്സലോണ

സീസണിൽ ലാ ലീഗയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ വല്ലഡോളിഡ് ആദ്യ മത്സരങ്ങളിൽ കരുത്തരായ വിയ്യാറയലിനേയും സെവിയ്യയേയും നേരിട്ടു. വിയ്യാറയലിനോട് തോൽവി ഏറ്റു വാങ്ങിയപ്പോൾ സെവിയ്യയെ സമനിലയിൽ തളക്കാൻ അവർക്കായി. മുൻ ബ്രസീൽ താരം “R9” റൊണാൾഡോ ആണ് വല്ലഡോളിഡിന്റെ നിലവിലെ പ്രെസിഡന്റ്.