ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിൽ, “പണി തീരാതെ” ബാഴ്സലോണ | Exclusive

“പണി തീരാതെ” ബാഴ്സലോണ

ട്രാൻസ്ഫർ വിൻഡോ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ സ്വന്തം ആരാധകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് റോബർട് ലെവെന്റോവ്സ്കി അടക്കമുള്ള താരങ്ങളെ ടീമിൽ എത്തിക്കാൻ ബാഴ്സലോണക്ക് സാധിച്ചത്. ലപോർട, അലെമാനി, ജോർഡി ക്രൈഫ് എല്ലാം അടങ്ങിയ മാനേജ്‌മെന്റ് എണ്ണയിട്ട യന്ത്രം പോലെ രാപ്പകൽ അധ്വാനിച്ച് ടീമിന്റെ മാറ്റത്തിന് വേണ്ട നീക്കങ്ങൾ നടത്തി. സാവിയുടെ ഇടപെടലുകളും നിർണായകമായിരുന്നു.

ബാഴ്സലോണ

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബാഴ്സലോണ ഉദ്ദേശിച്ച താരങ്ങളെ എല്ലാം ടീമിലേക്ക് എത്തിക്കാൻ സാധിച്ചോ..?..ഇല്ല എന്നാണ് ഉത്തരം. അതു പോലെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിലും ചിലർ ഇപ്പോഴും ടീമിൽ തുടരുകയാണ്. വരും ദിവസങ്ങളിൽ ടീമിന് അകത്തേക്കും പുറത്തേക്കുമുള്ള ഒരു പിടി നീക്കങ്ങൾ പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് ടീം സ്പോർട്ടിങ് ഡയറക്ടർ ആയ അലെമാനിയും സംഘവും.

ടീമിൽ നിന്നും പുറത്തേക്കുള്ള വഴി തേടുന്നവരിൽ മാർട്ടിൻ ബ്രാത്വൈറ്റ്, സാമുവൽ ഉംറ്റിട്ടി, സെർജിന്യോ ഡെസ്റ്റ് എന്നിവരാണ് ഇനി ബാക്കിയുള്ളത്. ടീമിലേക്ക് താരങ്ങളെ എത്തിക്കുന്നതിനൊപ്പം ചിലർക്ക് പുറത്തേക്കുള്ള വഴി കാണിക്കാനും സാധിച്ചത് ബാഴ്‌സക്ക് നേട്ടമാണ്. ഫിലിപ് കൂടിഞ്ഞോയെ ആസ്റ്റ്ൻവില്ലക്ക് കൈമാറിയപ്പോൾ റിക്കി പൂജ്‌, നെറ്റോ എന്നിവരെ കരാർ റദ്ദാക്കി ഫ്രീ ഏജന്റ് ആയി പോകാനും അനുവദിച്ചു. കൊള്ളാഡോ, ലോങ്ലെ, നിക്കോ, ട്രിൻകാവോ തുടങ്ങിയവരെ ലോണിൽ അയച്ചു.

20220823 225805

ഇപ്പോഴും പ്രതിസന്ധി ആയി തുടരുന്നത് ബ്രാത്വൈറ്റിന്റെ കൈമാറ്റമാണ്. ഉയർന്ന സാലറി നേടുന്ന താരത്തിന്റെ കൈമാറ്റം ടീമിനും തലവേദന ആയിരിക്കുകയാണ്. പല ടീമുകളും താരത്തിന് വേണ്ടി സമീപിച്ചെങ്കിലും വരുമാനത്തിൽ തട്ടി എല്ലാ ചർച്ചകളും മുടങ്ങി. അവസാനം മയ്യോർക്കയും രംഗത്ത് വന്നെങ്കിലും ബാഴ്സലോണയിൽ ലഭിക്കുന്നതിനെക്കാൾ സാലറി താരം ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ. അതേ സമയം കുറച്ചു പണിപ്പെട്ടായാലും സാമുവൽ ഉംറ്റിട്ടിക്ക് പുതിയ തട്ടകം ഏകദേശം ഉറപ്പായിരിക്കുകയാണ്. സീരി എയിൽ നിന്നും ലെച്ചേ ആണ് രംഗത്തുള്ളത്. ഉംറ്റിട്ടിയെ ലോണിൽ കൊണ്ടുപോകാൻ ആണ് ഇവരുടെ പദ്ധതി. അതേ സമയം താരത്തിന്റെ സാലറി ബാഴ്‌സ തന്നെ നൽകേണ്ടി വരും. ടീം വിടാൻ തന്നെ കൊണ്ടാവും വിധം ശ്രമിച്ച ഉംറ്റിട്ടിക്ക് വേണ്ടി വിട്ടുവീഴ്‌ച്ച ചെയ്യാൻ ബാഴ്‌സക്കും എതിർപ്പില്ല. പരിക്ക് വകവെക്കാതെ ലോകകപ്പ് കളിക്കാൻ പോയ ശേഷം ഒരിക്കലും താളം കണ്ടെത്താൻ കഴിയാത്ത താരത്തിന് ഇറ്റലിയിൽ കാര്യങ്ങൾ മംഗളകരമായി നടക്കട്ടെ എന്നാണ് ആരാധകരുടെയും പ്രാർത്ഥന.

ആദ്യ മത്സരങ്ങളിൽ സാവി ടീമിൽ പോലും ഉൾപ്പെടുത്താതിരുന്ന ഡെസ്റ്റിനും ടീം വിടേണ്ടതുണ്ട്. ഡി യോങ് തന്റെ ഭാവി ബാഴ്സലോണയിൽ തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞെങ്കിലും ഇതിൽ എന്തെങ്കിലും മാറ്റം വരും ദിവസങ്ങളിൽ ഉണ്ടാവുമോ എന്നാണ് ടീം ഉറ്റു നോക്കുന്നത്.

ബാഴ്സലോണ

ഔബയും ഡീപെയും:

ബാഴ്‌സലോണ പ്രതിസന്ധിയിലൂടെ കടന്ന് പോയ സമയത്ത് ടീമിന് ആശ്വാസമായി കടന്ന് വന്നവരാണ് ഔബമയങും മേംഫിസ് ഡീപെയും. ലെവെന്റോവ്സ്കി എത്തിയതോടെ രണ്ടിൽ ഒരാൾ ടീം വിടുമെന്ന് ഉറപ്പായിരുന്നു. ഡീപെയോട് പുതിയ തട്ടകം തേടാനുള്ള നിർദേശം മാനേജ്‌മെന്റ് നൽകുകയും ചെയ്തു. താരത്തിന് വേണ്ടി യുവന്റസ് രംഗത്ത് വന്നു ചർച്ചകൾ ആരംഭിച്ചിരുന്നു. ഫ്രീ ഏജന്റ് ആയി താരത്തിനെ പോകാൻ അനുവദിക്കാൻ ബാഴ്‌സയും തയ്യാറായി. എന്നാൽ വരുമാന വിഷയത്തിൽ ഉടക്കി ഈ ചർച്ചയും പ്രതിസന്ധിയിൽ ആണ്. അതേ സമയം യുവന്റസ് മറ്റൊരു മുന്നേറ്റ താരത്തെ നോട്ടമിട്ട് ചർച്ചകളും ആരംഭിച്ചു.
ആഴ്‌സനൽ വിട്ട് വന്ന ഔബമയങ് ടീമിൽ തുടർന്നേക്കും എന്നു പ്രതീക്ഷിച്ചിരുന്ന സമയത്താണ് ചെൽസി രംഗത്തു വരുന്നത്. ആദ്യം ടീം വിടാൻ കൂട്ടാക്കാതിരുന്ന ഔബക്ക് തന്റെ മുൻ കോച്ച് ടൂഷലിന്റെ സാന്നിധ്യവും ചെൽസി മുന്നോട്ടു വെച്ച ഓഫറും മനംമാറ്റാൻ ധാരാളമായിരുന്നു. എന്നാൽ കൈമാറ്റത്തിൽ കുറച്ചധികം തുക പ്രതീക്ഷിക്കുന്ന ബാഴ്‌സയുമായി ചെൽസി ചർച്ചകൾ നടത്തി വരികയാണ്. പക്ഷെ രണ്ടിൽ ഒരാൾ ടീമിൽ തുടരുന്നതാണ് നല്ലത് എന്ന പക്ഷക്കാരാണ് ആരാധകരിൽ ഭൂരിഭാഗവും. ഔബമയങ്ങിനെ ടീമിൽ നിലനിർത്താൻ സാവിക്കും താൽപര്യമുണ്ട്.

ബാഴ്‌സ പുതുതായി കൊണ്ടു വരാൻ ശ്രമിക്കുന്ന താരങ്ങളുടെ പട്ടികയും നീണ്ടതാണ്. ടീമിലെ എല്ലാ സ്ഥാനത്തേക്കും രണ്ട് താരങ്ങൾ എന്നതാണ് സാവിയുടെ പോളിസി. ഇതിൽ തന്നെ ബാഴ്‌സ കാര്യമായി പരിഗക്കുന്നതാണ് റൈറ്റ് ബാക്ക് ലെഫ്റ്റ് ബാക്ക് സ്ഥാനങ്ങൾ

Alonso Chelsea Brentford
ഫോയ്ത്തും ഗലനും മർക്കോസ് അലോൻസോയും:

ചെൽസിയിൽ നിന്നും ആസ്പിലകുറ്റയേയും മർക്കോസ് ആലോൻസോയേയും എത്തിക്കുക എന്നുള്ളതായിരുന്നു സാവിയുടെ ആദ്യ പദ്ധതി. താരങ്ങളുമായി കരാർ ചർച്ചകൾ പൂർത്തിയാക്കാൻ സാധിച്ചെങ്കിലും കൈമാറ്റം ഇടക്ക് വഴിമുട്ടി. ടീം ക്യാപ്റ്റനായ ആസ്പിലികെറ്റയെ കൈമാറില്ലെന്ന് ശഠിച്ച ചെൽസി പകരം താരം എത്തിയാൽ ആലോൻസോയെ കൈമാറും എന്ന സൂചനയും നൽകി. പക്ഷെ പിന്നീട് താരത്തിന് ചെൽസി ആവശ്യപ്പെട്ട തുക നൽകാൻ ബാഴ്‌സക്ക് ഒരിക്കലും സമ്മതമല്ലായിരുന്നു. ഇതോടെ ഇരു ബാക്ക് സ്ഥാനത്തേക്കും മറ്റ് താരങ്ങളിൽ കണ്ണ് വെച്ചിരിക്കുകയാണ് ബാഴ്‌സലോണ.

വിയ്യാറയൽ താരം യുവാൻ ഫോയ്ത്തും സെൽറ്റ വീഗൊ താരം ഹാവി ഗലനും ആണ് ബാഴ്‌സയുടെ റഡാറിൽ ഇപ്പോഴുള്ള താരങ്ങൾ. ഒരാഴ്ച്ച കൂടി ബാക്കി നിൽക്കെ ഇതിൽ ഒരാളെ എത്തിക്കാൻ സാധിച്ചാൽ പോലെ ടീമിനത് നേട്ടമാകും. സാവി ടീമിൽ പോലും ഉൾപ്പെടുത്താത സെർജിന്യോ ഡെസ്റ്റിന് പകരക്കാരനായി റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഫോയ്ത്ത് എത്തുന്നതിനാണ് ആരാധകരും കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടിയ ബാൽഡെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് തുടരുന്നത് ടീമിനും താൽപ്പര്യമുണ്ട്. പക്ഷെ കുറച്ചു കൂടി പരിച്ചയസമ്പത്തുള്ള താരം എത്തുന്നത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ഉയർത്താൻ സാധിക്കും. ഗലനെ എത്തിക്കാൻ ബാഴ്‌സ ശ്രമിച്ചാലും സെൽറ്റ ഉയർന്ന തുക തന്നെ അവശ്യപ്പെടുമെന്നുള്ളതും പ്രതിസന്ധിയാണ്.

20220515 133516

മനം മാറാത്ത ഡി യോങും ബെർണാഡോ സിൽവയും :

ബെർണാഡോ സിൽവയെ സാവിയുടെ പദ്ധതികളിലെ ഒരു “ഐഡിയൽ” താരമായി വിശേഷിപ്പിക്കാം. കോച്ച് ഉദ്ദേശിക്കുന്ന തരത്തിൽ മധ്യനിരയുടെ കടിഞ്ഞാണെന്തേണ്ട എല്ലാ കഴിവുകളും ചേർന്ന താരം. പക്ഷെ സിൽവയെ എത്തിക്കുന്നത് ഒരിക്കലും എളുപ്പമാകിലെന്ന് ബാഴ്‌സക്ക് അറിയാമായിരുന്നു. ഡി യോങ്ങിനെ ഉയർന്ന തുക്കക് കൈമാറാതെ സിൽവയെ എത്തിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ യുനൈറ്റഡിൽ നിന്നും വന്ന ഓഫറുകൾ നിരസിച്ച ഡിയോങ് ടീമിൽ തുടരാനുള്ള തന്റെ ആഗ്രഹം പലവട്ടം പറഞ്ഞതാണ്. അതേ സമയം യുനൈറ്റഡ് ഒരവസാന വട്ട നീക്കം കൂടി ട്രാൻഫസർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് നടത്തിയേക്കും. ബയേൺ മ്യൂണിച്ചിന് താരത്തെ ലോണിൽ എത്തിക്കാൻ താൽപര്യമുണ്ട് എന്നും സൂചനകൾ ഉണ്ട്. ഒരു പക്ഷെ ഇത് സാധ്യമാവുകയാണെങ്കിൽ ബെർണാഡോ സിൽവക്ക് വേണ്ടി ബാഴ്‌സലോണ കച്ചമുറുക്കി ഇറങ്ങിയേക്കും. മധ്യനിരയിൽ പെഡ്രി – സിൽവ സഖ്യം സാവിയുടെ മാത്രമല്ല, ആരാധകരുടെയും സ്വപ്നമാണ്.

ജൂൾസ് കുണ്ടേയെ ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാനും ചില കൊഴിഞ്ഞുപോക്കുകൾ ബാഴ്സലോണക്ക് അത്യാവശ്യമാണ്. ഇതിന് വേണ്ടി കൈമാറ്റങ്ങൾ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ. ഇതിന് ശേഷം മാത്രമേ പുതിയ താരങ്ങളെ എത്തിക്കുന്നത് ടീം പരിഗണിക്കൂ. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കെ വീണ്ടും അലെമാനിയുടെ നീക്കങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് ഇരിക്കുകയാണ് ബാഴ്സലോണയും ആരാധകരും.

Comments are closed.