തോൽവി മറക്കണം, ബാഴ്സലോണ ഇന്ന് ഇറങ്ങുന്നു

Gavi

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ സീസണിലെ ആദ്യ തോൽവി ഏറ്റു വാങ്ങിയതിന്റെ മുറിവുകൾ മായ്ച്ചു കളയാൻ ബാഴ്സലോണ ഇറങ്ങുന്നു. ലാ ലീഗയിലെ അടുത്ത മത്സരത്തിൽ എൽഷേയാണ് സാവിയുടെ ടീമിന്റെ എതിരാളികൾ. ശേഷം ദേശിയ ടീമിന്റെ മത്സരങ്ങൾക്കായുള്ള ഇടവേള ആണെന്നതിനാൽ ചില പരീക്ഷണങ്ങൾക്കും സാവി മുതിർന്നേക്കും.

ബാഴ്സലോണ

പരിക്കേറ്റ സെർജി റോബർട്ടോ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടില്ല. ദേശിയ ടീമിൽ ഉൾപ്പെട്ട പെഡ്രി, ഗവി എന്നിവർക്ക് സാവി വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ബയേണിനെതിരെ അവസരം കിട്ടാതിരുന്ന ബെല്ലാരിൻ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മടങ്ങി എത്തും. ഇടത് ബാക്കിൽ ബാൾടേക്ക് വീണ്ടും സാവി അവസരം നൽകിയേക്കും. ജൂൾസ് കുണ്ടേ സെൻട്രൽ ഡിഫെൻസിൽ തിരിച്ചെത്തും. മധ്യനിരയിൽ ഡിയോങ് ആദ്യ ഇലവനിൽ എത്തിയേക്കും. ആൻസു ഫാറ്റിയുടെ ആദ്യ ഇലവനിലേക്കുള്ള തിരിച്ചു വരവിനാണ് ആരാധകർ കാത്തിരിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് ഏഴ് നാല്പത്തിയഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നും ഇതുവരെ വിജയം കാണാൻ ആവാത്ത എൽഷെ പോയിന്റ് പട്ടികയിൽ പത്തൊൻപതാം സ്ഥാനത്ത് മാത്രമാണ്. അത്ലറ്റികോ മാഡ്രിഡിനെതിരെയാണ് ഈ വാരം റയലിന് മത്സരം എന്നതിനാൽ ലീഗിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം മുതലെടുക്കാൻ നാളെ ബാഴ്‌സക്ക് വിജയം സുനിശ്ചിതമാക്കെണ്ടതുണ്ട്.