ഫ്രാങ്കി ഡിയോങ് ബാഴ്‌സലോണ വിടുന്നതുമായ ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ബാഴ്‌സ പ്രീ സീസണിന് തിരിക്കുന്നതിന് മുൻപേ താരത്തെ യുണൈറ്റഡിലേക്ക് കൈമാറാൻ എല്ലാ വിധേനയും ശ്രമിച്ചിരുന്നു. എന്നാൽ താരത്തിന് ബാഴ്‌സയിൽ തന്നെ തുടരാനാണ് താത്പര്യമെന്നതിനാൽ കൈമാറ്റം സാധ്യമായില്ല. എന്നാൽ ഡിയോങ്ങിന് വേണ്ടിയുള്ള ഓഫറുകൾ ഒന്നും തങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ബാഴ്‌സലോണ പ്രെസിഡണ്ട് ലപോർട പറഞ്ഞു. ഇഎസ്പിഎന്നുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിയോങ്ങിന് വേണ്ടി തങ്ങളുടെ പക്കൽ പല ടീമുകളിൽ നിന്നും ഓഫർ വന്നിട്ടുണ്ടെന്ന് ലപോർട സമ്മതിച്ചു. തങ്ങൾക്ക് താരവുമായി ചർച്ചകൾ നടത്തെണ്ടതുണ്ടെന്നും ഡി യോങ്ങിന്റെ താൽപര്യം കൂടി തങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെന്നും ലപോർട പറഞ്ഞു. “താരം നിലവിൽ തങ്ങളുടെ പ്ലെയർ തന്നെ ആണ്, അദ്ദേഹത്തിൽ തങ്ങൾ സംതൃപ്തരാണ്” ലപോർട കൂടിച്ചേർത്തു. അതേ സമയം ഡി യോങ്ങുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
മെസ്സിയെ കുറിച്ചും ലപോർട അഭിമുഖത്തിൽ സംസാരിച്ചു. മെസ്സിയുടെ ബാഴ്‌സയിലെ കാലം അവസാനിച്ചിട്ടിലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ലപോർട പറഞ്ഞു. അത് ഏറ്റവും മനോഹരമായി ബാഴ്‌സക്കൊപ്പം തന്നെ അവസാനിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആണെന്നും ലപോർട കൂട്ടിച്ചേർത്തു.